ramzan-food

TAGS

ദുബായ് മലയാളികൾക്ക് കൊതിയൂറും രുചികളുടെ ഗൃഹാതുരസ്മരണ ഉണർത്തി കരാമയിൽ റമസാൻ ഫുഡ് ഫെസ്റ്റിവൽ. നോമ്പുതുറയ്ക്ക് ശേഷം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇങ്ങോട്ട് മലയാളികളുടെ ഒഴുക്കാണ്. റമദാൻ ഇൻ ദുബായ് ക്യാംപെയിനിന്‍റെ ഭാഗമായി ദുബായ് സർക്കാരാണ് പരിപാടി ഒരുക്കിയത്.  

കോഴിക്കോട് കടപ്പുറത്തെ അടാർ ഐറ്റം. ഐസ് ഉരുതി. ഇതാണ് ഇവിടുത്തെ താരം.  ഇവിടെ ഒന്നിലേറെ സ്റ്റോളുകളിൽ ഇത് ലഭിക്കും.   മിൽക് സർബത്ത്, ഉപ്പിലിട്ടത്, വത്തക്കാവെള്ളം എന്നു വേണ്ട കുട്ടിക്കാലം മുതലുള്ള രുചി ഓർമകളെ തിരിച്ചുപിടിക്കുകയാണ് കരാമയിലെ ഈ ഫുഡ് സ്ട്രീറ്റ്. മാപ്പിളപാട്ടിന്‍റെയും കൊട്ടിപാട്ടിന്‍റെയും അകമ്പടിയിൽ മനസ് നിറയുവോളം ഭക്ഷണം ആസ്വദിക്കാം. ശരിക്കും നാടെത്തിയ പ്രതീതി.

തറാവീഹ് നമസ്കാരത്തിനു ശേഷം ഷെയ്ഖ് ഹംദാൻ കോളനിയിലെ ഈ തുറന്ന വേദിയിൽ പുലരും വരെ നീളുന്ന കലാപരിപാടികളാണ് മറ്റൊരു ആകർഷണം.വാരാന്ത്യങ്ങളിൽ ഇവിടം ജനസാഗരമാകും. ഇതാ ഇങ്ങനെ. ഫൂഡ് സ്ട്രീറ്റിലെ ഓരോ റസ്റ്ററന്റുകളുടെയും വിവരങ്ങളും അവിടേക്കുള്ള വഴിയും ‘വിസിറ്റ് ദുബായ്’ ക്യൂആർ കോഡ് സഹിതം വിവിധ ജംക്‌ഷനുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ ഏഴ് വരെ മേള തുടരും.