സൗദി അറേബ്യയിൽ തണുപ്പിന്റെ കാഠിന്യമേറുന്നു. രാജ്യത്തിന്റെ പലമേഖലകളിൽ താപനില ഗണ്യമായി കുറയാൻ ഇടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. മദീന, തബൂക്ക്, അൽ ജൗഫ് ഉൾപ്പെടെയുള്ള മേഖലകളിൽ താപനില കുറയാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്.
തബൂക്കിലും അൽ ജൗഫിലും വടക്കൻ അതിർത്തിയിലും കനത്ത മഞ്ഞ് വീഴ്ചയുണ്ടാകും. തബുക്ക്, മക്ക, മദീന , അൽ ജൗഫ്, വടക്കൻ അതിർത്തി, അൽ ഖാസിം, റിയാദ്, കിഴക്കൻ മേഖല, അൽ ബഹ എന്നിവടങ്ങിൽ ശക്തമായ മഴയുണ്ടാകും. ചിലയിടങ്ങളിൽ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഞായർ മുതൽ മേഖലയിലെ കാലാവസ്ഥയിൽ പ്രകടമായ മാറ്റമുണ്ടാകും. ഒപ്പം ശക്തമായ കാറ്റും ഉണ്ടാകും. നേരിട്ട് കാറ്റ് കൊള്ളരുതെന്നും തണ്ണിപ്പിനെ നേരിടാനുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഈ സീസണിലെ ശക്തമായ ശീതക്കാറ്റാണ് രാജ്യത്ത് തുടരുന്നത്. റിയാദിൽ താപനില രണ്ട് ഡിഗ്രി സെലസ്യസ് വരെ താഴ്ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. അതേസമയം രാജ്യത്ത് ഏറ്റവും ശക്തമായ തണുപ്പ് അനുഭവപ്പെട്ടത് 1992ൽ ആയിരുന്നെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. മൈനസ് 9.3 ഡിഗ്രി സെലസ്യസായിരുന്നു അന്ന് റിപ്പോർട്ട് ചെയ്ത് ഏറ്റവും കുറഞ്ഞ താപനില. ജനുവരിയിൽ ഏഴ് ദിവസത്തോളം ശരാശരി താപനില മൈനസ് 4.4 ഡിഗ്രി സെലസ്യസായി കുറഞ്ഞിരുന്നെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.