ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചതിനെ തുടർന്ന് സൗദി അറേബ്യ പ്രമുഖ ബ്രാൻഡിന്‍റെ (BON TUM) മയോണീസ് വിപണിയിൽ നിന്ന് പിൻവലിക്കുന്നു. സൗദി മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയമാണ് ഉത്തരവിട്ടത്. റിയാദിലെ ഭക്ഷ്യവിഷബാധയിൽ ഒരു മരണവും 69 സൗദികളും ആറ് പ്രവാസികളും ഉൾപ്പെടെ 75 പേർ ആശുപത്രിയിലാവുകയും ചെയ്തതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ മയോണീസിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) ലബോറട്ടറി പരിശോധനയിൽ ബോൺ തും മയോണൈസ് ബ്രാൻഡിൽ ക്ലോസ്ട്രിഡിയം ബോട്ടുലിനം കണ്ടെത്തി. സൗദി അറേബ്യയിലുടനീളം ഈ ഉൽപന്നം വിതരണം നിർത്താനും വിപണിയിൽ നിന്ന് പിൻവലിക്കാനും മുനിസിപ്പൽ കാര്യ മന്ത്രാലയം ഉത്തരവിട്ടു. ലാബ് ഫലങ്ങൾ പുറത്തുവിട്ട മന്ത്രാലയം, ഉൽപ്പന്നത്തിന്‍റെ എക്സ്പെയറി ഡേറ്റ് തീർന്നിട്ടില്ലെങ്കിലും ഉടൻ തന്നെ വിപണിയിൽ നിന്ന് പിൻവലിക്കണമെന്ന് നിർദ്ദേശിച്ചു. റസ്റ്ററന്‍റുകളും ഭക്ഷണ സ്ഥാപനങ്ങളും അവരുടെ കൈവശമുള്ള ഈ ബ്രാൻഡിലെ മയോണീസ് ഉപയോഗം ഉടൻ നിർത്തണമെന്നും നിർദേശം നൽകി.
ഉപഭോഗത്തിനായുള്ള എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ നിയന്ത്രണ ഏജൻസികളും മുനിസിപ്പൽ അധികാരികളും രാജ്യവ്യാപകമായി നിരീക്ഷണ, പരിശോധന ക്യാംപെയ്നുകൾ ശക്തമാക്കും. വിവരങ്ങൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കാനും കിംവദന്തികളും അടിസ്ഥാനരഹിതമായ വാർത്തകളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും മന്ത്രാലയവും അധികാരികളും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
“BON TUM” Brand Mayonnaise Ordered to be Withdrawn from the Saudi Market