• ഹെലികോപ്റ്റര്‍ മലയിടുക്കില്‍ ഇടിച്ച് തീ പിടിച്ചെന്ന് നിഗമനം
  • കണ്ടെത്തിയത് തുര്‍ക്കിയുടെ ഡ്രോണ്‍ സംഘം
  • അപകടമുണ്ടായത് ടെഹ്റാനില്‍ നിന്ന് 600 കിലോമീറ്ററോളം അകലെ

ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടന്ന് സൂചന. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് അധികൃതര്‍ അറിയിച്ചു. 14 മണിക്കൂറോളം വൈകിയാണ് രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്ത് എത്താനായാത്. പ്രതികൂല കാലാവസ്ഥയായിരുന്നു പ്രധാന വെല്ലുവിളി. ജീവന്റെ ഒരു തുടിപ്പ് പോലും അവശേഷിക്കുന്നില്ലെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. തുർക്കിയുടെ ഡ്രോൺ സംഘമാണ് ഹെലികോപ്റ്റർ കണ്ടെത്തിയത്. മലയിടുക്കുകളിൽ തട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ അപകട കാരണം ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

ഇറാന്‍– അസര്‍ബൈജാന്‍ അതിര്‍ത്തിയിലുള്ള ക്വിസ് കലാസി അണക്കെട്ട് ഉദ്ഘാടനം ചെയ്യാനാണ് റെയ്സി എത്തിയത്. അസര്‍ബൈജാന്‍ പ്രസിഡന്‍റ് ഇല്‍ഹഹം അലിയേഹുവും ചടങ്ങില്‍ പങ്കെടുത്തിരുന്നു. മടക്കയാത്രയില്‍ വനമേഖലയില്‍ വച്ച് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ടെഹ്റാനില്‍ നിന്ന് 600 കിലോമീറ്റര്‍ ദൂരത്താണ് ഈ മേഖല.

ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദു‍ല്ലാഹിയാന്‍, പ്രവിശ്യാ ഗവര്‍ണര്‍ മാലിക് റഹ്മതി, ഇറാന്‍ പരമോന്നത നേതാവിന്‍റെ പ്രതിനിധി അയത്തുല്ല മുഹമ്ദ് അലി അലെഹഷെം എന്നിവരും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. മൂന്ന് ഹെലികോപ്റ്ററുകളാണ് യാത്രാ സംഘത്തിലുണ്ടായിരുന്നത്. മറ്റുരണ്ട് ഹെലികോപ്റ്ററുകളും സുരക്ഷിതമാണെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് റഷ്യയും തുര്‍ക്കിയും സഹായങ്ങള്‍ നല്‍കി. 

ജുഡീഷ്യറിയുടെ തലവനായിരിക്കെ 2021ലാണ് 63കാരനായ റെയ്സി ഇറാന്‍ പ്രസിഡന്‍റായി ചുമതലയേറ്റത്. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ പ്രിയപ്പെട്ട ശിഷ്യനും അദ്ദേഹത്തിന്‍റെ പിന്‍ഗാമിയാകുമെന്ന് വരെ കരുതപ്പെട്ടിരുന്ന നേതാവുമായിരുന്നു റെയ്സി. ആണവ വിഷയത്തില്‍ പാശ്ചാത്യ ഉപരോധങ്ങള്‍ നേരിടുന്ന ഇറാന് ഹെലികോപ്റ്ററുകള്‍ ഉള്‍പ്പടെയുള്ളവ പുതിയത് വാങ്ങുന്നതിലും നിലവിലുള്ളതിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിലും വന്‍ പ്രതിസന്ധിയാണ് അനുഭവപ്പെട്ടിരുന്നത്. സൈന്യത്തിന്‍റെ കൈവശമുള്ളതടക്കം പല വിമാനങ്ങളും കാലഹരണപ്പെട്ടതുമാണ്.

Iranian President Killed:

Iranian President Ebrahim Raisi killed in helicopter crash, official says