സ്റ്റെഫിന്‍ എബ്രഹാം സാബു, പി.വി.മുരളീധരന്‍, ഷമീര്‍, ആകാശ്

TOPICS COVERED

കുവൈത്ത് തൊഴിലാളി ക്യാംപിലെ തീപിടിത്തത്തില്‍ മരണം 49 ആയി. ഇതില്‍ 11 പേര്‍ മലയാളികളെന്ന് സ്ഥിരീകരിച്ചു. അപകടത്തില്‍പ്പെട്ടവരിലേറെയും ഇന്ത്യക്കാരാണ്. മരിച്ച മലയാളികളില്‍ 8 പേരെയാണ് തിരിച്ചറിഞ്ഞത്. പന്തളം സ്വദേശി ആകാശ്, കൊല്ലം പൂയപ്പള്ളി സ്വദേശി ഷമീര്‍, കാസര്‍കോട് ചെര്‍ക്കള സ്വദേശി രഞ്ജിത്് കുണ്ടടുക്കം, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി.മുരളീധരന്‍, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു(29) കൊല്ലം വെളിച്ചിക്കാല ലൂക്കോസ് (48), കോന്നി അട്ടച്ചാക്കല്‍ സജു വര്‍ഗീസ് (56), പുനലൂര്‍ നരിക്കല്‍ സ്വദേശി സാജന്‍ ജോര്‍ജ്(29) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മറ്റുള്ളവരെ തിരിച്ചറിയാന്‍ ശ്രമം തുടരുകയാണ്. 

മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ എന്‍.ബി.ടി.സിയുടെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 4.30ന് താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. മലയാളികള്‍ ഉള്‍പ്പെടെ 195 പേരാണ് ഇവിടെ താമസിച്ചിരുന്നത്. ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് കുവൈത്തിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കാലതാമസമില്ലാതെ നാട്ടിലെത്തിക്കാന്‍ ഇടപെടും. 

കുവൈത്ത് തീപിടിത്തം നടുക്കവും ദുഖവുമുണ്ടാക്കിയെന്ന് എന്‍.ബി.ടി.സി കമ്പനി. ജീവനക്കാര്‍ക്കുണ്ടായ ദുരന്തം നിര്‍ഭാഗ്യകരമാണ്. തൊഴിലാളികള്‍ ‍ഞങ്ങളുടെ കുടുംബാംഗങ്ങളെപ്പോലെയാണ്. പരുക്കേറ്റവര്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കും,. അവര്‍ക്ക് എല്ലാ സഹായവും നല്‍കും. മരിച്ചവരുടെ കുടുംബങ്ങളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. അവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കും. മരിച്ചവരുടേയും പരുക്കേറ്റവരുടേയും കുടുംബത്തെ സ്വന്തം കുടുംബം പോലെ ചേര്‍ത്തു നിര്‍ത്തും. നാളെ കമ്പനിയുടെ എല്ലാ യൂണിറ്റുകളിലും ജോലികള്‍ നിര്‍ത്തിവച്ച് പ്രത്യേക പ്രാര്‍ഥനകള്‍ നടത്തുമെന്നും എന്‍.ബി.ടി.സി കമ്പനി അറിയിച്ചു.

ENGLISH SUMMARY:

The death toll from the tragic labor camp fire in Kuwait has climbed to 49, with the majority of victims being Indian nationals