al-ain-road

അല്‍ ഐനില്‍ ടോയിങ് സര്‍വീസിന് തുടക്കമിട്ട് അബുദാബി മൊബിലിറ്റി. ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമാണ് നടപടി. അലക്ഷ്യമായി പാര്‍ക്ക് ചെയ്യുകയോ ചട്ടങ്ങള്‍ ലംഘിക്കുകയോ ചെയ്യുന്ന വാഹനങ്ങള്‍ ടോയിങ് വെഹിക്കിള്‍സ് ഉപയോഗിച്ച് നീക്കം ചെയ്യും. ചട്ടലംഘനങ്ങളുടെ ഗൗരവം നോക്കിയാകും നടപടികള്‍. ലൈസന്‍സ് പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങള്‍ കണ്ടാല്‍ ഉടന്‍ പിടിച്ചെടുത്ത് അല്‍ ഐന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള മവാഖിങ് വെഹിക്കിള്‍ ഇംപൗണ്ടിങ് യാര്‍ഡിലേക്ക് മാറ്റും.

al-ain-traffic

വാഹനങ്ങള്‍ വില്‍പ്പനയ്ക്ക് വയ്ക്കുക, പരസ്യങ്ങള്‍ക്കുപയോഗിക്കുക, വാഹനങ്ങളില്‍ കച്ചവടം നടത്തുക, പെര്‍മിറ്റില്ലാതെയോ കാലാവധി കഴിഞ്ഞ പെര്‍മിറ്റ് ഉപയോഗിച്ചോ പാര്‍ക്കിങ് ഏരിയകളില്‍ പാര്‍ക്ക് ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങളില്‍ ഏര്‍പ്പെടുന്ന വാഹനങ്ങളും നീക്കം ചെയ്യും. അല്‍ ഐന്‍ നഗരത്തിലെ ട്രാഫിക് സുഗമമാക്കാനും പാര്‍ക്കിങ് ക്രമപ്പെടുത്താനും നടപ്പാക്കിയ മവാഫിഖ് പാര്‍ക്കിങ് സമ്പ്രദായം എല്ലാ പൗരന്മാരും കൃത്യമായി പാലിക്കണമെന്ന് അബുദാബി മൊബിലിറ്റി നിര്‍ദേശിച്ചു.

al-ain-uae

പാര്‍ക്കിങ് നിരോധിച്ചിട്ടുള്ള മേഖലകളില്‍ ഒരു കാരണവശാലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. ഗതാഗതം തടസപ്പെടുത്തുന്ന രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ ഉടന്‍ നടപടി വരും. പബ്ലിക് പാര്‍ക്കിങ് സിസ്റ്റത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ വിപുലമായ പ്രചാരണ പരിപാടികള്‍ക്കും ബോധവല്‍കരണ ക്യാംപയ്നും തുടക്കമിടുമെന്നും അബുദാബി മൊബിലിറ്റി അറിയിച്ചു.

ENGLISH SUMMARY:

Abu Dhabi Mobility has introduced a vehicle towing service in Al Ain to regulate public parking and improve traffic flow. Starting Wednesday, June 19, vehicles violating parking rules in Al Ain will be towed away by authorities. This initiative aims to enforce stricter parking regulations and enhance the city's traffic management.