kuwait-family-death-01

TOPICS COVERED

കുവൈത്തിലെ അബ്ബാസിയയിൽ ഫ്ളാറ്റിലുണ്ടായ തീപിടിത്തതിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. ആലപ്പുഴ തലവടി സ്വദേശി മാത്യു മുളയ്ക്കലും ഭാര്യയും രണ്ടുമക്കളുമാണ് മരിച്ചത്. ആലപ്പുഴ തലവടി നീരേറ്റുപുറം സ്വദേശി മുളയ്ക്കൽ മാത്യൂസ്- (40) ഭാര്യ ലിനി എബ്രഹാം( 38 ), പതിനാലുകാരിയായ മകൾ ഐറിൻ,  മകൻ ഒൻപത് വയസുകാരൻ ഐസക് എന്നിവരാണ് മരിച്ചത്.  അവധിക്ക് നാട്ടിൽപോയി ഇന്നലെ വൈകിട്ട് കുവൈത്തിൽ മടങ്ങിയെത്തിയതേ ഉണ്ടായിരുന്നുള്ളൂ കുടുംബം. യാത്രാക്ഷീണത്തെ തുടർന്ന് നേരത്തെ എല്ലാവരും കിടന്നു. 

 

രാത്രി ഒൻപതുമണിയോടെ എല്ലാവരും ഉറങ്ങുമ്പോഴാണ് തീപിടർന്നത്. എസിയിൽ നിന്ന് തീപടർന്നുണ്ടായ പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമനസേനയെത്തി വാതിൽ തകർത്താണ് ഇവരെ പുറത്തെത്തിച്ചത്. നാലുപേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു. തീപിടിത്തതിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അനേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു. 

കുവൈത്തിലെ റോയിട്ടേഴ്‌സ് കമ്പനിയിലെ വിവര സാങ്കേതിക വിഭാഗത്തിൽ ജീവനക്കാരനായിരുന്നു മരിച്ച മാത്യു. അദാൻ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു ലിനു എബ്രഹാം. മകൻ ഐസക് ഭവൻസ് സ്കൂളിലെ  രണ്ടാം ക്ലാസ്  വിദ്യാർഥിയും ഐറിൻ ഇതേ സ്‌കൂളിലെ തന്നെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുമാണ്. കുവൈത്തിൽ മലയാളികൾ ഏറെ താസമിക്കുന്ന മേഖലയാണ് അബ്ബാസിയ. കഴിഞ്ഞമാസം കുവൈത്ത് മംഗെഫിലുണ്ടായ  തീപിടിത്തത്തിൽ  49 പേരുടെ ജീവൻ നഷ്ടപ്പെട്ടതിന്റെ നടുക്കം മാറും മുൻപാണ് വീണ്ടും സമാനമായ ദുരന്തം. മരിച്ച 46 ഇന്ത്യക്കാരിൽ 24 പേർ മലയാളികളായിരുന്നു.

ENGLISH SUMMARY:

Four of family killed in Kuwait Flat fire