കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമം പാലിക്കാത്ത 32 സ്വർണ ശുചീകരണശാലകളുടെ ലൈസൻസ് റദ്ദാക്കി യുഎഇ. 256 നിയമലംഘനങ്ങൾ കണ്ടെത്തിയതായി സാമ്പത്തിക മന്ത്രാലയം അറിയിച്ചു. മൂന്നുമാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ഫണ്ടിങ് വിരുദ്ധ ചട്ടങ്ങളിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ സ്ഥാനങ്ങൾക്കെതിരെയാണ് നടപടി.
വിൽപന, നിർമാണം എന്നിവയുമായി ബന്ധപ്പെട്ട മുഴുവൻ സാമ്പത്തിക ഇടപാടുകളും പരിശോധനയ്ക്കു വിധേയമാക്കി. സംശയാസ്പദമായ ഇടപാടുകളെ കുറിച്ച് ഫിനാൻഷ്യൽ ഇൻഫർമേഷൻ യൂണിറ്റിന് ആവശ്യമായ അറിയിപ്പുകൾ നൽകാതിരിക്കുക, ഭീകരവാദികളുടെ പട്ടികയിൽ പേരുള്ളവരുടെ ഇടപെടലുകൾ ഒത്തുനോക്കാതെ ഇടപാട് നടത്തുക തുടങ്ങിയ നിയമലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. സ്വർണം വാങ്ങുന്നവരുടെ സാമ്പത്തിക ഉറവിടം സംബന്ധിച്ച് വേണ്ടത്ര പരിശോധന നടത്തിയിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായി. ഓരോ സ്ഥാപനത്തിലും 8 വീതം ക്രമക്കേടുകളാണ് കണ്ടെത്തിയത്. രാജ്യത്തെ മൊത്തം സ്വർണവിപണിയുടെ ഏകദേശം 5 ശതമാനം കൈകാര്യം ചെയ്യുന്നത് ഈ 32 റിഫൈനറികളാണെന്ന് അധികൃതർ അറിയിച്ചു. എന്നാൽ റിഫൈനറികളുടെ പേര് പുറത്തുവിട്ടിട്ടില്ല.
കള്ളപ്പണക്കാരിൽ നിന്നും ഭീകര ബന്ധമുള്ള ഇടപാടുകാരിൽ നിന്നും സ്വർണ വിപണിയെ മോചിപ്പിക്കാനും വിതരണ ശൃംഖല സുതാര്യമാക്കാനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ധനകാര്യ ഇതരസ്ഥാപനങ്ങൾക്കു മേലുള്ള നിരീക്ഷണം തുടരുമെന്നും ഭീകരവാദബന്ധമുള്ള പണത്തിന്റെ ഒഴുക്കും കർശനമായി നിരീക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.