gaza-twins-father

ഇസ്രയേലി ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ഇരട്ടക്കുഞ്ഞുങ്ങളുടെ ജനനസര്‍ട്ടിഫിക്കറ്റുമായി പിതാവ് മുഹമ്മദ് അബു അല്‍–ഖുസ്മാന്‍

  • ഒരുനിമിഷം കൊണ്ട് ഇല്ലാതായ സന്തോഷം
  • കെടുതി മാത്രം നല്‍കി ഇസ്രയേല്‍–ഹമാസ് യുദ്ധം
  • നൊമ്പരമായി കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട അബുവിന്‍റെ തേങ്ങല്‍

തീവ്രയുദ്ധത്തിനിടയിലും സെന്‍ട്രല്‍ ഗാസയിലെ ദെയര്‍ അല്‍–ബലായിലുള്ള മുഹമ്മദ് അബു അല്‍–ഖുസ്മാന്‍റെ വീട്ടില്‍ ആഹ്ലാദം തിരതല്ലുകയായിരുന്നു. നാലുദിവസം മുന്‍പാണ് അബുവിനും ഭാര്യയ്ക്കും ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്. ഒരാണും ഒരു പെണ്‍കുഞ്ഞും. മാലാഖമാരെക്കാള്‍ മനോഹരമായി പുഞ്ചിരിച്ച അസറും ഐസലും. മക്കള്‍ ജനിച്ച് മൂന്നാംദിവസം അവരുടെ ജനനസര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വീട്ടില്‍ നിന്നിറങ്ങിയതാണ് അബു. റജിസ്ട്രേഷന്‍ ഓഫീസില്‍ വച്ച് തന്റെ വീട് ഉള്‍പ്പെട്ട കെട്ടടിത്തിനുമുകളില്‍ ഇസ്രയേല്‍ സൈന്യം ബോംബിട്ടെന്ന അബു അറിഞ്ഞു. ഓടിയെത്തിയപ്പോഴേക്കും വീടിന്റെ സ്ഥാനത്ത് കോണ്‍ക്രീറ്റ് കൂന മാത്രം. അസറും ഐസലും അവരുടെ അമ്മയും അമ്മയുടെ ഉമ്മയും ജീവനറ്റ് ചിതറിക്കിടക്കുന്നു.

gaza-twins-mourning

ഭാര്യയുടെയും നാലുദിവസം മാത്രം പ്രായമുള്ള മക്കളുടെയും മൃതദേഹങ്ങളില്‍ വീണ് കരയുന്ന മുഹമ്മദ് അബു അല്‍–ഖുസ്മാന്‍

വാവിട്ടലച്ച അബുവിനെ ആശ്വസിപ്പിക്കാന്‍ ഓടിക്കൂടി ആര്‍ക്കുമായില്ല. ഒരുദിവസം മുഴുവന്‍ അബു ഉറക്കെ നിലവിളിച്ചുകൊണ്ടേയിരുന്നു. കബറടക്കത്തിന് മൃതദേഹങ്ങള്‍ പൊതിഞ്ഞെടുത്തപ്പോഴും അബു ആര്‍ത്തലച്ചുകരഞ്ഞു. പിടിച്ചുനിര്‍ത്താന്‍ പാടുപെട്ട സുഹൃത്തുക്കളും അയല്‍ക്കാരും രക്ഷാപ്രവര്‍ത്തകരുമെല്ലാം ആ യുവാവിനൊപ്പം വാവിട്ടുകരയുകയായിരുന്നു. ‘എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ഷെല്ല് വീണെന്നാണ് ആളുകള്‍ പറഞ്ഞത്. എന്റെ മക്കളെ ഒന്നുനേരേചൊവ്വേ കാണാന്‍ പോലും പറ്റിയില്ല...’ കരച്ചിലിനിടെ അബുവിന്റെ വായില്‍ നിന്ന് ഉതിര്‍ന്ന വ്യക്തതയില്ലാത്ത വാക്കുകള്‍ ഇതായിരുന്നു.

mohammed-abu-l-qumsan-gaza

ഇസ്രയേലി ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ഇരട്ടക്കുഞ്ഞുങ്ങളുടെ കബറടക്കച്ചടങ്ങില്‍ മുഹമ്മദ് അബു അല്‍–ഖുസ്മാന്‍

കഴിഞ്ഞ ഒക്ടോബറില്‍ തുടങ്ങിയ ഭീതിതമായ വ്യോമാക്രമങ്ങളുടെ ഷെല്ലാക്രമണങ്ങളുടെയും ഒടുവിലത്തെ ഇര മാത്രമാണ് അബുവും കുടുംബവും. സാധാരണ ജനങ്ങളെ ആക്രമിക്കില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും ഇസ്രയേലി വ്യോമാക്രമണങ്ങള്‍ ശവപ്പറമ്പുകളാക്കുന്ന പലസ്തീന്‍ വീടുകളുടെ എണ്ണം ഓരോ മണിക്കൂറിലും വര്‍ധിക്കുകയാണ്. ശനിയാഴ്ച അഭയാര്‍ഥികള്‍ താമസിച്ചിരുന്ന സ്കൂള്‍ കെട്ടിടത്തിലുണ്ടായ വ്യോമാക്രമണത്തില്‍ 70 പേരാണ് കൊല്ലപ്പെട്ടത്. ഗാസ സിറ്റിയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് അബുവും കുടുംബവും സെന്‍ട്രല്‍ ഗാസ സ്ട്രിപ്പിലേക്ക് മാറിയത്. പക്ഷേ അവിടെയും വിധി എതിരായി!

ഗാസയിലെ ഹമാസ് ആരോഗ്യ വിഭാഗത്തിന്റെ കണക്കനുസരിച്ച് 10 മാസത്തിലേറെയായി തുടരുന്ന യുദ്ധത്തില്‍ 115 ശിശുക്കളെങ്കും കൊല്ലപ്പെട്ടിട്ടുണ്ട്. യുദ്ധത്തിലാകെ കൊല്ലപ്പെട്ട പലസ്തീന്‍‍കാരുടെ ഔദ്യോഗിക കണക്ക് നാല്‍പ്പതിനായിരം കടന്നു. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെത്തുടര്‍ന്നാണ് ആയിരങ്ങളെ കൊന്നൊടുക്കിയ യുദ്ധം തുടങ്ങിയത്. ഇതവസാനിപ്പിക്കാനുള്ള ഒരു നീക്കവും ഇതുവരെ വിജയം കണ്ടിട്ടില്ല.

ENGLISH SUMMARY:

A devastating Israeli airstrike in Gaza claimed the lives of Mohammed Abu Al-Qumsan's newborn twins, their mother, and grandmother, just days after the babies' birth. Abu Al-Qumsan was out obtaining their birth certificates when the tragedy struck. The conflict has led to significant civilian casualties, with over 39,790 Palestinians killed.