hezbollah

TOPICS COVERED

പശ്ചിമേഷ്യയിൽ  ആശങ്ക ശക്തമാക്കി ഹിസ്ബുല്ലയും ഇസ്രയേലും തമ്മിലുള്ള വ്യോമയാക്രമണങ്ങൾ. ഞായറാഴ്ച പുലർച്ചെ തെക്കൻ ലെബനനിലെ ഡസൻ കണക്കിന് ഇടങ്ങളിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി.  ഹിസ്ബുല്ല വലിയ തോതിലുള്ള ആക്രമണത്തിന് തയ്യാറെടുക്കുന്നത് കണ്ടെത്തിയതിനെത്തുടർന്ന് ലെബനനിൽ മുൻകൂർ ആക്രമണം നടത്തുകയാണെന്ന് ഇസ്രായേൽ പറഞ്ഞു.  ഗാസയിലെ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇസ്രയേലിന് നേരെ ഹിസ്ബുല്ല നടത്തിയത്. സീനിയർ ജനറൽ ഫൗദ് ഷുക്കൂറിനെ ഇസ്രയേൽ വധിച്ചതിന് പ്രതികാരമായാണ് ആക്രമണമെന്ന് ഹിസ്ബുല്ലയും വ്യക്തമാക്കി. 

ആദ്യ ഘട്ടമായി ഇസ്രായേലിന് നേരെ 320 കത്യുഷ റോക്കറ്റുകൾ പ്രയോഗിച്ചതായും ആക്രമണം ഇന്നത്തേക്ക് പൂർത്തിയായി എന്നുമാണ് ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റല്ല പറഞ്ഞത്. ഇന്ന് സംഭവിച്ചത് അന്തിമ വാക്കല്ല എന്നായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ പ്രസ്താവന. ഹിസ്ബുല്ലയ്ക്കെതിരെ ഇപ്പോഴും വ്യോമാക്രമണം നടത്തുന്നുണ്ടെന്ന് ഇസ്രായേൽ സൈന്യവും വ്യക്തമാക്കി.

വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ലെബനനിൽ മൂന്ന് മരണങ്ങളും ഇസ്രായേലിൽ ഒരു മരണവും സ്ഥിരീകരിച്ചു. ഹിസ്ബുല്ലയിൽ നിന്ന് മിസൈൽ ആക്രമണമുണ്ടാകാമെന്ന മുന്നറിയിപ്പ് നൽകിയ ഇസ്രയേൽ 48 മണിക്കൂർ രാജ്യവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ആക്രമണത്തിൻ്റെ ആഘാതം വിലയിരുത്തി കൂടുതൽ ആക്രമണങ്ങൾ നടത്തുമോയെന്ന് തീരുമാനിക്കുമെന്ന ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ല പറഞ്ഞു.  സൈനിക രഹസ്യാന്വേഷണ താവളമായിരുന്നു ഹിസ്ബുല്ല ലക്ഷ്യമിട്ടതെന്നും നസ്റല്ല വ്യക്തമാക്കി.