വടക്കൻ ഇസ്രായേലിൽ ഹിസ്ബുല്ലയുടെ ആളില്ലാ വിമാനം ഇസ്രായേൽ വ്യോമസേന തകർക്കുന്നു.

വടക്കൻ ഇസ്രായേലിൽ ഹിസ്ബുല്ലയുടെ ആളില്ലാ വിമാനം ഇസ്രായേൽ വ്യോമസേന തകർക്കുന്നു.

TOPICS COVERED

ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുള്ള വ്യോമാക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ. ഹമാസ് തലവൻ ഇസ്മായിൽ ഹനിയേയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ ആവർത്തിച്ചു. ഇറ്റാലിയൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ വാക്കുകൾ. ഇസ്രയേലിന് ഭീഷണികളെ പ്രതിരോധിക്കാനുള്ള ശേഷി കുറഞ്ഞെന്നാണ് ഹിസ്ബുല്ലയുടെ ആക്രമണം തെളിയിക്കുന്നതെന്നും ഇറാൻ പ്രതികരിച്ചു. അതേസമയം, രാത്രിയിൽ ലെബനനിൽ നടത്തിയ ആക്രമണത്തിന്റെ വിഡിയോ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) പുറത്ത് വിട്ടു. 

ഞായറാഴ്ച പ്രാദേശിക സമയം രാവിലെ അഞ്ച് മണിയോടെയാണ് ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യം വെച്ച് ഇസ്രയേലി എയർഫോഴ്സ് ആക്രമണം നടത്തിയത്. ഹിസ്ബുല്ല വലിയ തോതിലുള്ള ആക്രമണത്തിന് തയ്യാറെടുക്കുന്നത് കണ്ടെത്തിയതിനെത്തുടർന്ന് ലെബനനിൽ മുൻകൂർ ആക്രമണം നടത്തുകയായിരുന്നു എന്നാണ് ഇസ്രയേൽ പറഞ്ഞത്. ഹിസ്ബുല്ലയുടെ തീവ്രവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ലെബനനിൽ ആക്രമണം നടത്തിയതെന്നും ഇസ്രയേലി കുടുംബങ്ങളെ രക്ഷിക്കാനായിരുന്നു ദൗത്യമെന്നുമാണ് വിഡിയോയ്ക്ക് ഐഡിഎഫ് നൽകിയ തലക്കെട്ട്. 

F-35i ജെറ്റ് വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ഇസ്രയേലിന്റെ ആക്രമണം. ലെബനനിലെ ആകാശത്ത് വെച്ച് വിമാനത്തിൽ ഇന്ധനം നിറയ്ക്കുന്ന ദൃശ്യങ്ങളും പങ്കുവെച്ചതിലുണ്ട്.  ആയിരക്കണക്കിന് ഹിസ്ബുല്ല റോക്കറ്റ് ലോഞ്ചറുകൾ ഞായറാഴ്ച പുലർച്ചെ നടത്തിയ ആക്രമത്തിൽ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. ഞായറാഴ്ച നൂറിലധികം റോക്കറ്റുകളും ഡ്രോണുകളും സ​ഹിതമാണ് ഹിസ്ബുല്ല ഇസ്രയേലിനെ ആക്രമിച്ചത്. 320 കത്യുഷ റോക്കറ്റുകൾ  ഇസ്രായേലിന് നേർക്ക് പ്രയോ​ഗിച്ചതായി ഹിസ്ബുല്ല അവകാശപ്പെട്ടിരുന്നു.  

സീനിയർ ജനറൽ ഫൗദ് ഷുക്കൂറിനെ ഇസ്രയേൽ വധിച്ചതിന് പ്രതികാരമായാണ് ആക്രമണമെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. ആക്രമണത്തിന് ശേഷം ടെലിവിഷനിലൂടെ സംസാരിച്ച ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റല്ല ആക്രമണത്തിൻ്റെ ആഘാതം വിലയിരുത്തി കൂടുതൽ ആക്രമണങ്ങൾ നടത്തുമോയെന്ന് തീരുമാനിക്കുമെന്നാണ് പറഞ്ഞത്. 

ENGLISH SUMMARY:

​Iran warns avenged over Hamas chief Ismail Haniyeh killing