dubai-metro

TOPICS COVERED

യുഎഇയുടെ വികസന ചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് ദുബായ് മെട്രോ പ്രവർത്തനം തുടങ്ങിയിട്ട് ഇന്നേക്ക് 15 വർഷം. ഡ്രൈവർ ഇല്ലാതെ ഓടുന്ന ലോകത്തിലെ ഏറ്റവും നീളമുള്ള പൊതുയാത്രാ സംവിധാനമാണ് ദുബായ് മെട്രോ. യാത്ര കൂടുതൽ സുഗമമാക്കാൻ റെഡ്, ഗ്രീൻ ലൈനുകൾക്ക് പുറമെ ബ്ലൂ ലൈൻ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് ദുബായ് ആർടിഎ.

2009 സെപ്റ്റംബർ ഒൻപതിന് രാത്രി കൃത്യം ഒൻപത് മണി. നോൾ കാർഡ് ടാപ് ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തും ദുബായ് മെട്രോയുടെ ആദ്യ യാത്രക്കാരനായി. ഷെയ്ഖ് മുഹമ്മദിന്റെ ദീർഘവീക്ഷണത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതീകമായി 15 വർഷമായി ലോകത്തിന് തന്നെ മാതൃകയായിരിക്കുകയാണ് ദുബായ് മെട്രോ. 

നിർമാണത്തിലും പരിപാലനത്തിലും സേവനത്തിലും ദുബായ് മെട്രോയെ വെല്ലാൻ മറ്റൊന്നില്ല. ദിവസേവന 25000ത്തിലേറെ യാത്രക്കാരുമായി പ്രവർത്തനം തുടങ്ങിയ മെട്രോയിൽ ഇക്കാലയളവിനിടെ ആകെ യാത്ര ചെയ്തവരുടെ എണ്ണം 240 കോടിയിലേറെയാണ്. ഡ്രൈവറില്ലാത്ത ട്രെയിനിൽ ആളുകൾ കയറാൻ മടികാട്ടിയപ്പോൾ ആർടിഎ ചെയർമാൻ മത്തർ അൽ തായർ ആ പ്രതിസന്ധി മറികടന്നത് ട്രെയിനുള്ളിൽ മുന്നിലായി ഡ്രൈവറെപോലെ ഒരാളെ നിർത്തിയായിരുന്നു. അധികം വൈകാതെ ജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റാനും ദുബായ് മെട്രോയ്ക്കായി.

ഇന്ന്  ദിവസം  7.3 ലക്ഷം യാത്രക്കാരാണ് മെട്രോയെ ആശ്രയിക്കുന്നത്. 15 വർഷത്തിനിടെ നടത്തിയത് 43 ലക്ഷം സർവീസുകൾ. താണ്ടിയതാകട്ടെ 2.68 കോടി കിലോമീറ്റർ ദൂരവും. ഇക്കാലയളവിനുള്ളിൽ 99.7 ശതമാനം സമയക്രമം  ദുബായ് മെട്രോയ്ക്ക് പാലിക്കാനായിട്ടുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. അത് നൂറുശതമാനമാക്കുകയാണ് ലക്ഷ്യം.  15ാം വാർഷികം ഗംഭീരമാക്കാൻ ഒരുങ്ങിയിരിക്കുകയാണ് ദുബായ്   റോഡ്സ് ആൻഡ്  ട്രാൻസ്‌പോർട്ട്  അതോറിറ്റി.

‘ട്രാക്കിലെ 15 വർഷം’ എന്ന പേരിൽ  നടക്കുന്ന ആഘോഷത്തിൽ  പ്രമോഷനുകൾ, സർപ്രൈസുകൾ, വിനോദപരിപാടികൾ അടക്കമുള്ള വിപുലമായ പരിപാടികൾ അരങ്ങേറും. 1,800 കോടി ചെലവിൽ 14 സ്റ്റേഷനുകളുമായി മെട്രോ ബ്ലൂ ലൈനിന്റെ നിർമാണവും ഇക്കൊല്ലം തുടങ്ങാനിരിക്കുകയാണ് ആർടിഎ. 2030 ഓടെ സ്റ്റേഷനുകളുടെ എണ്ണം 96 ആക്കുകയാണ് ആർടിഎയുടെ ലക്ഷ്യം.  പത്ത് വർഷം കൂടി കഴിയുമ്പോൾ അത് 140 സ്റ്റേഷനുകളായി ഉയരും. ഇത്തിഹാദ് റെയിലുമായി മെട്രോയെ ബന്ധിപ്പിക്കുന്നതോടെ യുഎഇ മാത്രമല്ല ഗൾഫ് മേഖലയെ ആകെ മാറ്റിമറയ്ക്കും.

ENGLISH SUMMARY:

Dubai Metro Complete 15 Years of Operarion.