ലബനനില്‍ ഹിസ്ബുല്ലയ്ക്കെതിരായ പോരാട്ടത്തില്‍ ഇസ്രയേലിന് തിരിച്ചടിയെന്ന് റിപ്പോര്‍ട്ടുകള്‍. ക്യാപ്റ്റന്‍ ഐതാന്‍ ഇസ്ഹാക്ക് ഓസ്റ്ററടക്കം എട്ടു സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇസ്രയേലിന്‍റെ സ്ഥിരീകരണം. ഹിസ്ബുല്ലയ്ക്കെതിരായ പോരാട്ടത്തില്‍ ലബനനില്‍ ഇതാദ്യമായാണ് ഇസ്രയേലിന് ഇത്രയധികം സൈനികരെ നഷ്ടമാകുന്നത്. 22കാരനാണ് കൊല്ലപ്പെട്ട ഓസ്റ്റര്‍. ഏറ്റുമുട്ടലില്‍ ഇവര്‍ കൊല്ലപ്പെട്ടുവെന്നതല്ലാതെ മറ്റ് വിവരങ്ങള്‍ ഇസ്രയേല്‍ പുറത്തുവിട്ടിട്ടില്ല. Also Read: തിരിച്ചടിച്ച് ഇസ്രയേല്‍; ബെയ്റൂട്ടില്‍ വ്യോമാക്രമണം
ലബനനിലെ തെക്കന്‍ അതിര്‍ത്തി ഗ്രാമങ്ങളിലാണ് ഇസ്രയേല്‍ സൈന്യവും ഹിസ്ബുല്ലയുമായി കടുത്ത പോരാട്ടം നടക്കുന്നത്. ഇസ്രയേല്‍ സൈനികരെ അതിര്‍ത്തിയില്‍ നിന്ന് തുരത്തിയെന്ന് നേരത്തെ ഹിസ്ബുല്ല അവകാശപ്പെട്ടിരുന്നു. അതിര്‍ത്തി ഗ്രാമമായ അദെയ്ഷില്‍ ഇസ്രയേല്‍ കടക്കാനൊരുങ്ങിയപ്പോഴാണ് വന്‍ ചെറുത്ത് നില്‍പ്പ് നടത്തിയതെന്നായിരുന്നു ഹിസ്ബുല്ലയുടെ അവകാശവാദം.
ഹിസ്ബുല്ല നേതാവ് ഹസന്‍ നസറല്ലയെ ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തിലൂടെ വധിച്ചതിന് പിന്നാലെയാണ് ലബനനില്‍ തങ്ങള്‍ സജീവമാണെന്ന സ്ഥിരീകരണം ഹിസ്ബുല്ലയും നടത്തിയിരിക്കുന്നത്. ഹിസ്ബുല്ലയുടെ ഒളിപ്പോരാളികള്‍ എന്തിനും സജ്ജമായാണ് അതിര്‍ത്തികളിലുള്ളതെന്നും ഇസ്രയേലിനെ എന്ത് വിലകൊടുത്തും പായിക്കുമെന്നും ഹിസ്ബുല്ല വക്താവ് സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു. Read More: ഇറാന്‍റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കാൻ ഇസ്രയേൽ?
ഹിസ്ബുല്ലയെ ഉന്‍മൂല നാശം ചെയ്യുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച ഇസ്രയേല്‍ തെക്കന്‍ ലബനനിലെ 20 ഗ്രാമങ്ങളിലുള്ളവരോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിരുന്നു. നിയന്ത്രിത കരയുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആളുകളെ കൂട്ടത്തോടെ ഇസ്രയേല്‍ ഒഴിപ്പിച്ചത്.
ഹിസ്ബുല്ലയുടെ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കിയെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക് പരുക്കേറ്റു. 24 മണിക്കൂറിനിടെ ലബനനില്‍ അന്‍പതിലേറെപ്പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.