ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്റല്ലക്ക് ഇറാഖിന്റെ ആദരം. നേതാവിന്റെ മരണശേഷം ജനിച്ച 100 കുഞ്ഞുങ്ങള്‍ക്ക് ‘നസ്റല്ല’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇറാഖിലെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കാണിത്. ഷിയാ വിഭാഗം ഏറ്റവും കൂടുതലുള്ള ഇറാഖില്‍ ഹസന്‍ നസ്റല്ലയ്ക്ക് പിന്തുണ നല്‍കുന്ന വലിയൊരു വിഭാഗമുണ്ട്. ഈ മേഖലയില്‍ നിന്നുള്ള കുഞ്ഞുങ്ങള്‍ക്കാണ് നേതാവിന്റെ പേര് ലഭിച്ചിരിക്കുന്നത്.
നസ്റല്ലയുടെ കൊലപാതകത്തിനു ശേഷം ബാഗ്‌ദാദിലുള്‍പ്പെടെ വലിയതോതിലുള്ള പ്രതിഷേധ പ്രകടനമാണ് അരങ്ങേറിയത്. ഇസ്രയേലിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച പ്രക്ഷോഭക്കാര്‍ രാജ്യാന്തര നിയമങ്ങളുടെ ലംഘനമായും ഈ സംഭവത്തെ കാണുന്നു. ‘നീതിമാന്മാരുടെ പാതയിലെ രക്തസാക്ഷി’ എന്നാണ് നസ്റല്ലയെ ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് സിയാ അല്‍സദാനി വിശേഷിപ്പിച്ചത്. നസ്റല്ലയുടെ മരണത്തില്‍ മൂന്ന് ദിവസത്തെ ദുഖാചരണമാണ് ഇറാഖ് പ്രഖ്യാപിച്ചത്.
2003 ലെ അധിനിവേശത്തെത്തുടർന്ന് ഇറാഖിലെ യുഎസ് സാന്നിധ്യത്തെ വിമർശിച്ച നസ്റല്ല ഇറാഖികൾക്കിടയിൽ ജനപ്രിയനായിരുന്നു, പാശ്ചാത്യ ഇടപെടലിനെതിരായ ചെറുത്തുനിൽപ്പിൻ്റെ പ്രതീകമായി അദ്ദേഹത്തിൻ്റെ പ്രതിച്ഛായ ഉറപ്പിക്കുകയായിരുന്നു. രാഷ്ട്രീയ മതപരമായ കാര്യങ്ങളിലെല്ലാം നസ്റല്ലയുടെ ആശയങ്ങളോട് ചേര്‍ന്നുപോകുന്ന നിലപാടാണ് ഇറാഖ് സ്വീകരിച്ചിരുന്നത്. നസ്റല്ലക്ക് ഇറാഖുമായുള്ള വ്യക്തിപരമായ അടുപ്പവും അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ഇറാഖിലെ നജാഫ് നഗരത്തിലെ ഷിയാ സെമിനാരിയിലാണ് നസ്റല്ല മതപഠനം നടത്തിയത്. ദവാ പാര്‍ട്ടിയില്‍ ചേര്‍ന്ന് രാഷ്ട്രീയ വീക്ഷണങ്ങള്‍ രൂപപ്പെടുത്തിയതും ഇക്കാലത്താണ്. 1982ലാണ് ഹിസ്ബുള്ളയില്‍ ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. ഹിസ്ബുള്ള തലവനായിരുന്ന അബ്ബാസ് മസാവിയുടെ മരണത്തോടെ സംഘതലപ്പത്തെത്തിയ നസ്റല്ല മൂന്ന് പതിറ്റാണ്ടുകാലം സംഘടനയുടെ ശ്വാസമായി പ്രവര്‍ത്തിച്ചു.
30 വര്‍ഷക്കാലമായി ഹിസ്ബുല്ലയുടെ ജീവവായുവായിരുന്ന ഹസൻ നസ്റല്ലയെ ഇക്കാലമത്രയും പാശ്ചാത്യരാജ്യങ്ങളുടെ അധിനിവേശത്തില്‍ നിന്നും തങ്ങളെ കാത്തുരക്ഷിച്ച നേതാവായാണ് ആ ജനത കാണുന്നത്. അയാളുടെ വിയോഗമുണ്ടാക്കുന്ന ശൂന്യത ഹിസ്ബുള്ളയ്ക്ക് വലിയ ആഘാതമാണ്. നീണ്ട 18 വർഷത്തെ അധിനിവേശത്തിന് അന്ത്യം കുറിച്ചുകൊണ്ട്, 2000 ൽ ഇസ്രയേലിനെ രാജ്യത്ത് നിന്ന് തുരത്തിയതിന്റെ മാസ്റ്റർ പ്ലാൻ നസ്റല്ലയുടേതായിരുന്നു. 2006ലെ യുദ്ധത്തിലും ഇസ്രയേലിനെതിരെ ഹിസ്ബുല്ല വിജയം നേടിയതോടെയാണ് നസ്റല്ല ഏറ്റവും സ്വാധീനശക്തിയുള്ള നേതാവായി മാറിയത്.