നവദമ്പതികളുടെ ബങ്കറിനുള്ളിലെ ആദ്യനൃത്തത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ജറുസലേമില്‍ നിന്നുള്ള വിഡിയോയില്‍ വിവാഹച്ചടങ്ങിനെത്തിയ ചുരുക്കം ചില ബന്ധുക്കളും ദമ്പതികള്‍ക്ക് ചുറ്റും നില്ക്കുന്നതു കാണാം. ബോംബ് ഷെല്ട്ടറിനുള്ളിലാണെന്ന സങ്കടവും ഭീതിയും എല്ലാവരുടേയും മുഖത്തുണ്ട്.
പൈപ്പുകളും വയറുകളും എല്ലാം കാണാന്‍ കഴിയുന്ന വളരെ ഇടുങ്ങിയ ബങ്കറിനുള്ളിലാണ് ദമ്പതികള്‍ നില്‍ക്കുന്നത്. എക്സ് പ്ലാറ്റ്ഫോമിലാണ് പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്. വെള്ളനിറത്തിലുള്ള ഗൗണ്‍ ധരിച്ച വധുവും സ്യൂട്ട് ധരിച്ച വരനും പരസ്പരം കൈകോര്‍ത്ത് എല്ലാം മറന്ന് നൃത്തമാസ്വദിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് സാധിക്കുന്നില്ലെന്നുള്ളതാണ് വാസ്തവം. ബന്ധുക്കളുടെ മുഖത്തെല്ലാം ഭീതിയുടെ നിഴലാണ് കാണാനാവുക.
ജറുസലേമിലെ ഏറ്റവും വലിയ ഹോട്ടലുകളിലൊന്നായ നോട്ടര്‍ദാം ഹോട്ടലിനു സമീപത്തുള്ള ബങ്കറില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ഒരു നിമിഷത്തേക്ക് പോലും ഈ വിവാഹസന്തോഷം മായ്ക്കാന്‍ ഇറാനു സാധിക്കില്ലെന്ന കാപ്ഷനോടെയാണ് നൃത്തവിഡിയോ എക്സില്‍ പങ്കുവച്ചിരിക്കുന്നത്. ഇസ്രയേലിനു നേരെയുണ്ടായ ഇറാന്റെ മിസൈല്‍ ആക്രമണത്തിനു ശേഷമാണ് മറ്റ് ആയിരത്തോളം ആളുകള്‍ക്കൊപ്പം ഈ നവദമ്പതികളും ബങ്കറില്‍ എത്തിച്ചേര്‍ന്നത്.