സൗദി ദേശീയ ഗെയിംസില്‍ മലയാളി ബാഡ്മിന്‍റണ്‍ താരങ്ങള്‍ക്ക് സ്വര്‍ണത്തിളക്കം. പുരുഷ, വനിതാ സിംഗിള്‍സിലാണ് മലയാളി താരങ്ങള്‍ കരുത്ത് തെളിയിച്ചത്. ബാഡ്മിന്‍റണ്‍ വിഭാഗത്തില്‍ ആദ്യമായി ഹാട്രിക് സ്വര്‍ണം നേടി കോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസ റെക്കോര്‍ഡ് നേട്ടവും കൈവരിച്ചു.

സ്മാഷ് ഷോട്ടിന്റെ മനോഹര കാഴ്ചകളും മിഡ് ഷോട്ട് കൗണ്ടര്‍ അറ്റാക്കിന്റെ ത്രസിപ്പിക്കുന്ന പോരാട്ടവും അമ്പരപ്പിച്ച കളിയരങ്ങിലാണ് മലയാളി ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് സ്വര്‍ണത്തിളക്കം. കഴിഞ്ഞ രണ്ട് ദേശീയ ഗെയിംസിലും പുരുഷ വിഭാഗത്തില്‍ സ്വര്‍ണം നേടിയ ഷൈഖ് മെഹദ് മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടതോടെ,,, ഹാട്രിക് സ്വര്‍ണമെന്ന റെക്കോർഡ്  ഖദീജ നിസയ്ക്ക് സ്വന്തം. തുടർച്ചയായി മൂന്നാം തവണയും 10 ലക്ഷം റിയാല്‍ പാരിതോഷികവും നേടി.

ഇത്തിഹാദ് ക്ലബിന് വേണ്ടി കളത്തിലിറങ്ങിയ ഖദീജക്കെതിര കടുത്ത വെല്ലുവിളിയാണ് ഫിലിപ്പീനോ താരം പെനഫ്‌ളോര്‍ അരീലെ ഉയര്‍ത്തിയത്.  പുരുഷ സിംഗിള്‍സില്‍ ബഹ്‌റൈന്‍ ദേശീയ താരം ഹസന്‍ അദ്‌നാനെ രണ്ടേ ഒന്നിന് പരാജയപ്പെടുത്തിയാണ് കോഴിക്കോട് സ്വദേശി മുട്ടമ്മല്‍ ഷാമില്‍ വിജയം കൈവരിച്ചത്.  

പുരുഷ, വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ആറു സ്ഥാനങ്ങളില്‍ രണ്ട് സ്വര്‍ണവും രണ്ട് വെങ്കലവും ഉള്‍പ്പെടെ നാലു മെഡലുകള്‍ ഇന്ത്യക്കാര്‍ക്കാണ്. വനിതാ സിംഗിള്‍സില്‍ മലയാളി താരം ചങ്ങശേരി ഷില്‍നയും പുരുഷ വിഭാഗത്തില്‍ ഹൈദരാബാദ് സ്വദേശി ഷൈഖ് മെഹദും വെങ്കലം നേടി.

ENGLISH SUMMARY:

Malayalam badminton players won gold in the Saudi National Games