രാജ്യാതിര്‍ത്തിക്കുള്ളില്‍ ഹിസ്ബുല്ലയ്ക്ക് താവളം അനുവദിക്കുന്നത് അവസാനിപ്പിക്കണമെന്ന് ലബനനോട് ഇസ്രയേലിന്‍റെ അന്ത്യശാസനം. ഹിസ്ബുല്ലയ്ക്ക് സംരക്ഷണം നല്‍കാനാണ് തീരുമാനമെങ്കില്‍ ലബനനെ കാത്തിരിക്കുന്നത് ഗാസയുടെ സ്ഥിതിയാകുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഹിസ്ബുല്ലയില്‍ നിന്നും ലബനനെ മോചിപ്പിച്ചാല്‍ മാത്രമേ ഈ യുദ്ധം അവസാനിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലബനനെ രക്ഷിക്കാന്‍ ലബനീസ് ജനതയ്ക്ക് മുന്നില്‍ താന്‍ പറഞ്ഞ വഴി മാത്രമേയുള്ളൂവെന്നും അല്ലെങ്കില്‍ സര്‍വനാശം നേരിടാന്‍ ഒരുങ്ങുകയെന്നുമാണ് നെതന്യാഹുവിന്‍റെ ഭീഷണി.
അതിനിടെ ഇസ്രയേലി തുറമുഖ നഗരമായ ഹഫിയയില്‍ റോക്കറ്റ് ആക്രമണം നടത്തിയതിന്‍റെ ഉത്തരവാദിത്തം ഹിസ്ബുല്ല ഏറ്റെടുത്തതോടെ ഇരുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ രൂക്ഷമായി. ലബനനില്‍ നിന്നും ഇസ്രയേലിലേക്ക് ആക്രമണമുണ്ടായതായി ഇസ്രയേല്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണിത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ ഭീകരാക്രമണം നടത്തിയതിന് പിന്നാലെയാണ് മധ്യപൂര്‍വേഷ്യയിലെ സമാധാനം താറുമാറായത്. ആയിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ആയിരങ്ങള്‍ അഭയാര്‍ഥികളായി നാടും വീടും വിട്ട് ഓടിപ്പോവുകയും ചെയ്യേണ്ടി വന്നു.
തലവനില്ലാതെ ഹിസ്ബുല്ല
തലവനായിരുന്ന ഹസന്‍ നസ്റല്ലയെ ഇസ്രയേല്‍ വധിച്ചതിന് പിന്നാലെ ഹിസ്ബുല്ല കടുത്ത തിരിച്ചടികളാണ് നേരിടുന്നതും. 1992 മുതല്‍ ഹിസ്ബുല്ലയുടെ തലവനായിരുന്ന നസ്റല്ലയുടെ മരണം കടുത്ത ആഘാതമാണ് ഹിസ്ബുല്ലയ്ക്ക് നല്‍കിയത്. തലവനെ വധിച്ചതിന് പിന്നാലെ ബെയ്റൂട്ടില്‍ വന്‍ സ്ഫോടവും ഇസ്രയേല്‍ നടത്തി. നസ്റല്ലയുടെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഹഷീം സഫിയുദ്ദിനെ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണം. സഫിയുദ്ദിന്‍റെ മരണം ഹിസ്ബുല്ല ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സഫിയുദ്ദിന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് നെതന്യാഹുവിന്‍റെ അവകാശവാദം. ഹിസ്ബുല്ല എത്രയൊക്കെ ഒളിപ്പിക്കാന്‍ നോക്കിയാലും നാശങ്ങളുടെ കണക്ക് പൊതുജനങ്ങളെ അറിയിക്കുമെന്നായിരുന്നു ഇസ്രയേലി സൈനിക വക്താവ് ഡാനിയേല്‍ ഹഗാറിയുടെ പ്രതികരണം. ബെയ്റൂട്ടില്‍ നിന്ന് ഇസ്രയേല്‍ അതിര്‍ത്തിയിലേക്ക് നീളുന്ന തുരങ്കങ്ങള്‍ ഹിസ്ബുല്ല നിര്‍മിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
തെക്കന്‍ ലബനനില്‍ ശക്തമായ സാന്നിധ്യമുള്ള ഇസ്രയേല്‍ അവിടെ നിന്നും തീരപ്രദേശത്തേക്ക് നീങ്ങുകയാണ്. പ്രദേശവാസികളോട് ഒഴിഞ്ഞുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ടെലിഗ്രാം ചാനലിലൂടെ ഇസ്രയേല്‍ സൈന്യം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. പ്രാദേശികമായി സ്വാധീനം വര്‍ധിപ്പിക്കുകയും ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളെ തകര്‍ക്കുകയുമാണ് ഇസ്രയേല്‍ നീക്കമെന്നാണ് വിലയിരുത്തല്‍.
ഇറാനിലേക്ക് നീളുന്ന പോര്‍മുന
ഇസ്രയേലിനെതിരെ ആക്രമണങ്ങള്‍ നടത്തുന്നത് ഹിസ്ബുല്ല സ്വന്തം കരുത്തിലല്ല, ഇറാന്‍റെ പിന്തുണയിലാണെന്നാണ് നെതന്യാഹു അടക്കമുള്ളവരുടെ വാദം. ആയുധ–സാമ്പത്തിക–രാഷ്ട്രീയ പിന്തുണ അനുസ്യൂതം ഹിസ്ബുല്ലയ്ക്ക് ഇറാന്‍ ഉറപ്പാക്കുന്നുവെന്നാണ് ഇസ്രയേല്‍ പറയുന്നത്. ഇത് ലബനന്‍ കടന്ന് യെമനിലും സിറിയിലുമെല്ലാം തുടരുന്നുണ്ടെന്നും ഇവിടങ്ങളില്‍ നിന്നെല്ലാം ഇസ്രയേലിന് നേരെയുണ്ടാകുന്ന തലവേദനകള്‍ക്ക് പിന്നില്‍ ഇറാനാണെന്നും ഇസ്രയേല്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു.
ഇറാന്‍റെ റവല്യൂഷണറി ഗാര്‍ഡുകളും ഹിസ്ബുല്ലയും ഒളിച്ചിരിക്കുന്ന കെട്ടിമെന്നവകാശപ്പെട്ട് ദമാസ്കസില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് സാധാരണക്കാര്‍ കൊല്ലപ്പെടുകയാണുണ്ടായത്. സാധാരണക്കാര്‍ കൊല്ലപ്പെട്ടതോടെ ഹിസ്ബുല്ല മനുഷ്യകവചമൊരുക്കുകയാണെന്ന ആരോപണം ഉയര്‍ത്തിയാണ് ഇസ്രയേല്‍ ഇതിനെ നേരിട്ടത്.