കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7ന് ഇസ്രയേല്‍ നഗരങ്ങള്‍ക്കുനേരെ ഹമാസ് ആക്രമണം അഴിച്ചുവിട്ടതിനു പിന്നാലെ ലബനന്‍ അതിര്‍ത്തികളും കലാപകലുഷിതമാണ്. വെടിയൊച്ചകളുടെ അസഹനീയമായ ശബ്ദവും രക്തത്തിന്‍റെ മടുപ്പിക്കുന്ന ഗന്ധവും പേറി നില്‍ക്കുകയാണ് അതിര്‍ത്തി ഗ്രാമങ്ങള്‍. ഇതിനിടെ തെക്കന്‍ ലെബനനില്‍ ഹിസ്ബുള്ള നിര്‍മിച്ച ഒരു തുരങ്കത്തിന്‍റെ ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇസ്രയേല്‍ സൈന്യം.
ഗാസയില്‍ ഹമാസ് നിര്‍മിച്ച തുരങ്കം പോലെയല്ല ഇത്, ഇരുമ്പില്‍ തീര്‍ത്ത വാതിലുള്ള 100 മീറ്റര്‍ നീളം വരുന്ന തുരങ്കമാണ് ഹിസ്‌ബുള്ള തെക്കന്‍ ലെബനനില്‍ നിര്‍മിച്ചിരിക്കുന്നത്. ഫങ്ഷനിങ് മുറികള്‍, ബെഡ് റൂം, ബാത് റൂം, ജനറേറ്റര്‍ സ്റ്റോറേജ് മുറി, വാട്ടര്‍ ടാങ്ക് എന്നിവയെല്ലാം ചേര്‍ന്നതാണ് തുരങ്കം. ഇരുചക്രവാഹനങ്ങളും, എകെ 47 തോക്കുകളും തുരങ്കകവാടത്തില്‍ സജ്ജമാക്കി വച്ചിട്ടുണ്ട്.. ഈ ദൃശ്യങ്ങള്‍ എവിടെ നിന്നും ചിത്രീകരിച്ചതാണെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമാകില്ലെങ്കിലും പട്ടാളക്കാരി ഓരോ ഭാഗവും കാണിച്ച് വിശദീകരിക്കുകയാണ് വിഡിയോയില്‍.
തെക്കന്‍ ലെബനനില്‍ ഹിസ്ബുള്ള ചെയ്യുന്ന കാര്യങ്ങളെന്തൊക്കെയെന്ന് കണ്ടെത്താനായി ഞങ്ങള്‍ അതിര്‍ത്തി ഭേദിച്ചെത്തിരിക്കുകയാണ്, ഈ ഭാഗത്തുള്ള വീടുകള്‍ക്കടിയില്‍ ആണ് ഇത്തരത്തിലുള്ള തുരങ്കങ്ങള്‍ തീര്‍ത്തിരിക്കുന്നത്. വടക്കന്‍ ഇസ്രയേലില്‍ ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ പോലുള്ളൊരു ആക്രമണത്തിനായുള്ള ഒരുക്കത്തിന്‍റ ഭാഗമാണ് ഈ തുരങ്കങ്ങള്‍. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള തീവ്രവാദികള്‍ ആഴ്ചകളോളം താമസിച്ചത് ഈ തുരങ്കത്തിലാണെന്നും അത്രമേല്‍ മികച്ച തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നതെന്നും വിഡിയോയില്‍ സൈന്യം പറയുന്നു.
ഗാസയില്‍ ഹമാസ് നിര്‍മിച്ചതുപോലുളള തുരങ്കങ്ങളല്ലെന്നും അത്യാധുനിക സംവിധാനങ്ങളെല്ലാം ഈ തുരങ്കത്തിന്‍റെ ഭാഗമായുണ്ടെന്നും സൈന്യം വെളിവാക്കുന്നു. ലബനന്‍ അതിര്‍ത്തി കടന്ന് പരിശോധിച്ചപ്പോള്‍ ഇത്തരത്തിലുള്ള നിരവധി തുരങ്കങ്ങള്‍ കാണാന്‍ സാധിച്ചെന്നും സൈന്യം അവകാശപ്പെടുന്നു. അതിലൊരെണ്ണം 25മീ നീളമുള്ളതും ഇസ്രയേല്‍ അതിര്‍ത്തി ഭേദിക്കുന്നതുമായിരുന്നു. ദീര്‍ഘകാലം താമസിക്കാന്‍ പാകത്തിലുളള സൗകര്യങ്ങളും ആക്രമിക്കാന്‍ പര്യാപ്തമായ ആയുധങ്ങളും ഇതിനിടെയില്‍ കണ്ടെടുത്തെന്നും സൈന്യം പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് തുരങ്കത്തില്‍ നിന്നും ഒരു ഹിസ്ബുള്ള പോരാളിയെ പിടികൂടിയെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചത്.