ഹമാസിനു അടുത്ത തിരഞ്ഞെടുപ്പ് വരെ ഒരു ഏക ഭരണാധികാരി ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. ദോഹ കേന്ദ്രീകരിച്ച് ഒരു ഭരണസമിതിയെ അധികാരച്ചുമതല ഏല്‍പ്പിക്കാനാണ് സംഘടനയുടെ നീക്കം. കഴിഞ്ഞയാഴ്ചയാണ് ഇസ്രയേല്‍ സൈന്യം ഹമാസ് മേധാവി യഹ്യ സിന്‍വാറിനെ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയത്. മാര്‍ച്ചില്‍ നടക്കുന്ന അടുത്ത തിരഞ്ഞെടുപ്പ് വരെ ഈ ദോഹ സമിതിയായിരിക്കും ഹമാസിന്റെ ഭരണം നടത്തുകയെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇസ്മായേല്‍ ഹനിയയുടെ മരണത്തിനു ശേഷം ഒരു അഞ്ചംഗ സമിതി കഴിഞ്ഞ ഓഗസ്റ്റില്‍ ഭരണം ഏറ്റെടുത്തിരുന്നു. ഈ അഞ്ചംഗസമിതി തന്നെയാവും ഇനിയും ഭരണം നടത്തുക. ഹനിയയുടെ മരണത്തിനു ശേഷം യഹ്യ സിന്‍വറുമായി കൃത്യമായി കാര്യങ്ങള്‍ ഏകോപ്പിക്കാന്‍ കഴിയാതെ വന്നതോടെയായിരുന്നു അന്ന് സമിതി സംഘടനാ നിലപാടുകളും തീരുമാനങ്ങളും കൈക്കൊണ്ടത്. 2017ലാണ് യഹ്യ സിന്‍വര്‍ ഗാസ ചീഫ് ആയി ചുമതലയേറ്റത്
പലസ്തീനിയന്‍ ടെററിസ്റ്റ് ആന്‍ഡ് കമ്മ്യൂണിറ്റിയില്‍ നിന്നും രണ്ടു പേരാണ് ഈ സമിതിയില്‍ ഉണ്ടാവുക. ഗാസയില്‍ നിന്നും ഖലീല്‍ അല്‍ ഹയ്യ, വെസ്റ്റ് ബാങ്കിനായി സഹേര്‍ ജബറിന്‍, വിദേശ പലസ്തീനികള്‍ക്കായി ഖാലിദ് മെഷാല്‍ എന്നിവരും ഹമാസ് ഷൂറ ഉപദേശക സമിതി തലവന്‍ മൊഹമ്മദ് ദാര്‍വിഷും, പൊളിറ്റിക്കല്‍ ബ്യൂറോ സെക്രട്ടറിയും സമിതിയംഗങ്ങളായിരിക്കും.എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ പിബി സെക്രട്ടറിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
സമിതി അംഗങ്ങളെല്ലാവരും നിലവില്‍ ഖത്തര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നിലവിലെ യുദ്ധസാഹചര്യങ്ങളും ഭാവിപദ്ധതികളും സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊണ്ട് നടപ്പാക്കുകയാണ് സമിതിയുടെ ലക്ഷ്യം. അതേസമയം പേര് വെളിപ്പെടുത്താതെ ആഭ്യന്തര തലത്തില്‍ ഒരു മേധാവിയെ നിയമിക്കുന്നതടക്കമുള്ള ചര്‍ച്ചകളും നടന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ സംഘടനയിലെ ഭൂരിഭാഗം പേരും സമിതിയെ പിന്തുണച്ചതായാണ് സൂചന.