ഇറാന്‍റെ സൈനിക കേന്ദ്രങ്ങളിലടക്കം നടത്തിയ വ്യോമാക്രമണത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍. വ്യോമസേന മൂന്നുവിഭാഗമായി തിരിഞ്ഞ് ഊഴമിട്ടായിരുന്നു ഇറാന് മേല്‍ ആക്രമണം നടത്തിയത്. 100 യുദ്ധവിമാനങ്ങള്‍ ഇറാന്‍റെ വ്യോമാതിര്‍ത്തി ഭേദിച്ച് ഇരച്ചു കയറിയെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നു. ഇറാന്‍റെ ആണവ നിലയവും സൈനിക കേന്ദ്രങ്ങളും ഡ്രോണ്‍ താവളങ്ങളുമടക്കം 20 തന്ത്രപ്രധാന കേന്ദ്രങ്ങളാണ് 'ഹിറ്റ്' ലിസ്റ്റിലുണ്ടായിരുന്നതെന്നും ഇസ്രയേലി സൈന്യം വെളിപ്പെടുത്തുന്നു. 'മനസ്താപത്തിന്റെ നാളുകള്‍' എന്നാണ് ഈ ഓപറേഷന് ഇസ്രയേല്‍ പേരിട്ടത്. ( Also Read: ഇസ്രയേല്‍ ആക്രമണം ഏശിയില്ലെന്ന് ഇറാന്‍; വാദങ്ങളില്‍ സത്യമെത്ര?
അഞ്ചാം തലമുറ F-5 അദിര്‍ യുദ്ധവിമാനങ്ങള്‍, F-151 റാം ഗ്രൗണ്ട് അറ്റാക്ക് ജെറ്റ്, F-161 സുഫ വ്യോമ പ്രതിരോധ വിമാനം എന്നിവയാണ് ആക്രമണത്തിനായി ഇസ്രയേല്‍ ഉപയോഗിച്ചത്. ദീര്‍ഘദൂര, ശബ്ദാതിവേഗ മിസൈലുകളാണ് ഇതില്‍ നിന്നും വര്‍ഷിച്ചതെന്നും ആകാശത്ത് നിന്നും കരയിലേക്ക് തൊടുക്കാന്‍ കഴിയുന്ന പുതിയ തലമുറ മിസൈലുകള്‍ പ്രയോഗിച്ചുവെന്നും ഐഡിഎഫ് അവകാശപ്പെടുന്നു. Read More: ടെഹ്റാനില്‍ ഉഗ്രസ്ഫോടനം; തിരിച്ചടിച്ചെന്ന് ഇസ്രയേല്‍
ഇറാന്‍റെ സൈനിക കേന്ദ്രങ്ങള്‍ക്ക് പുറമെ ഓയില്‍ റിഫൈനറിയും ആണവ കേന്ദ്രങ്ങളും ഇസ്രയേല്‍ ലക്ഷ്യമിട്ടത് നിലവിലെ സാഹചര്യം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. ഇറാന്‍റെ റഡാര്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് മേലായിരുന്നു ഒന്നാംഘട്ട ആക്രമണം. ഇതോടെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ മിസൈലുകള്‍ വിക്ഷേപിക്കാനുള്ള വഴി ഒരുങ്ങി. രണ്ടും മൂന്നും ഘട്ട ആക്രമണങ്ങള്‍ ലക്ഷ്യസ്ഥാനങ്ങളെ ഉന്നമിട്ട് മാത്രമായിരുന്നുവെന്നും സൈന്യം വിശദീകരിക്കുന്നു.
25–30 യുദ്ധവിമാനങ്ങളാണ് മൂന്ന് ഘട്ടങ്ങളിലും പങ്കെടുത്തത്. 10 യുദ്ധവിമാനങ്ങള്‍ മിസൈല്‍ ആക്രമണത്തിന്‍റെ ഏകോപനത്തിനായി നിലകൊണ്ടുവെന്നും ഇസ്രയേലിന് മേല്‍ വന്‍ സുരക്ഷയൊരുക്കിയ ശേഷമായിരുന്നു ഈ ആക്രമണമെന്നും സൈന്യം പറയുന്നു.
ഒക്ടോബര്‍ ഒന്നിന് ഇസ്രയേലിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലേക്കടക്കം ഇരുന്നൂറോളം മിസൈലുകളാണ് ഇറാന്‍ വര്‍ഷിച്ചത്. അപ്രതീക്ഷിത ആക്രമണത്തില്‍ ഇസ്രയേല്‍ നടുങ്ങി. പിന്നീട് ഏത് നിമിഷവും ഇസ്രയേല്‍ തിരിച്ചടിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായിരുന്നു. എന്നാല്‍ യുഎസിന്‍റെ ശക്തമായ ഇടപെടലുകളെ തുടര്‍ന്നാണ് തിരിച്ചടി വൈകിയതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ഇസ്രയേലിന്‍റെ ആക്രമണത്തിന് സാരമായ നാശം ടെഹ്റാനിലടക്കം വിതയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെനാണ് ഇറാന്‍റെ അവകാശവാദം. ഇസ്രയേലിന്‍റെ ആക്രമണം തങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും അതുകൊണ്ട് തന്നെ സുരക്ഷാക്കോട്ട ടെഹ്റാന്‍ നഗരത്തിന് മേല്‍ തീര്‍ത്തിരുന്നുവെന്നും ഇറാന്‍ വ്യക്തമാക്കുന്നു. ഇറാനിലേക്ക് ഇസ്രയേല്‍ നടത്തുന്ന ഏതാക്രമണത്തിനും അതേ നാണയത്തില്‍ പകരം കൊടുക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.