തൃശൂര്‍ പാലയൂര്‍ സെന്‍റ് തോമസ് പള്ളിയുടെ മുറ്റത്ത് മൈക്കില്‍ കാരള്‍ ഗാനം പാടുന്നത് പൊലീസ് തടഞ്ഞത് വിവാദത്തില്‍. കാരള്‍ ഗാനാലാപനം മുടങ്ങിയത് എസ്.ഐയുടെ ഭീഷണി കാരണമെന്ന് പള്ളി അധികൃതര്‍ കുറ്റപ്പെടുത്തി. അതേസമയം, പള്ളി കമ്മിറ്റിക്കാരോട് മോശമായി പെരുമാറിയിട്ടില്ലെന്ന് തെളിയിക്കാന്‍ എസ്.ഐ. മേലുദ്യോഗസ്ഥര്‍ക്ക് ഓഡിയോ കൈമാറി. ഈ ഓഡിയോ മനോരമ ന്യൂസ് പുറത്തുവിട്ടു.
ക്രിസ്മസ് ആഘോഷിക്കാന്‍ തൃശൂര്‍ പാലയൂര്‍ സെന്‍റ് തോമസ് പള്ളിയില്‍ കാരള്‍ ഗാനം പാടാന്‍ തയാറായി നില്‍ക്കുമ്പോഴാണ് ചാവക്കാട് എസ്.ഐ: വിജിന്‍റെ വരവ്. പള്ളി മുറ്റത്ത് മൈക്ക് ഉപയോഗിക്കാന്‍ അനുമതി വാങ്ങണമെന്നായിരുന്നു നിര്‍ദ്ദേശം. എസ്.ഐയുടെ നിര്‍ദ്ദേശം പാലിച്ച് കാരള്‍ഗാനം ഉപേക്ഷിച്ചു. കാരള്‍ ഗാനം പാടാന്‍ തയാറാക്കിയ വേദിയില്‍ നിന്ന് ഉച്ചഭാഷിണിയും സാമഗ്രികളും തൂക്കിയെടുക്കുമെന്ന് എസ്.ഐ. ഭീഷണിപ്പെടുത്തിയതായി പള്ളി കമ്മിറ്റിക്കാര്‍ പറഞ്ഞു.
അതേസമയം, മോശമായി പെരുമാറിയിട്ടില്ലെന്ന് തെളിയിക്കാന്‍ എസ്.ഐ. ഈ സംഭാഷണമെല്ലാം ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. പള്ളിയിലേക്ക് കയറും മുമ്പേ എസ്.ഐ, ഫോണ്‍ റെക്കോര്‍ഡിലിട്ടാണ് കയറിയത്. വിവാദമായതോടെ ഈ ഓഡിയോ മേലുദ്യോഗസ്ഥര്‍ക്ക് എസ്.ഐ. കൈമാറി.