സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹിമിന്റെ മോചനം ഇനിയും വൈകും. മോചന ഹർജിയിൽ ഇന്നും വിധിയുണ്ടായില്ല. ഇത് അഞ്ചാം തവണയാണ് ഹർജിയിൽ വിധി പറയാതെ റിയാദ് ക്രിമിനൽ കോടതി മാറ്റിവയ്ക്കുന്നത്. ജനുവരി 15ന് കേസ് വീണ്ടും പരിഗണിക്കും. അതേസമയം കേസ് അനന്തമായി നീളുന്നതിന്റെ കാരണം കണ്ടെത്തി പരിഹരിച്ച് റഹിമിനെ എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടിയുണ്ടാകണമെന്ന് കുടുംബം അഭ്യർഥിച്ചു.
സൗദി ബാലൻ അനസ് അൽ ശാഹിരി കൊല്ലപ്പെട്ട കേസ് വിശദമായി പഠിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിയാദ് ക്രിമിനൽ കോടതി മോചന ഹർജിയിൽ വിധിപറയുന്നത് മാറ്റിവച്ചത്. പലതവണ കേസ് മാറ്റിവച്ചതാണെന്ന് അറിയിച്ചപ്പോഴും കോടതി തീരുമാനമാണിതെന്നായിരുന്നു ജഡ്ജിയുടെ മറുപടി. കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് 18 വർഷമായി ജയിലിൽ കഴിയുന്ന റഹിമിന് 34 കോടി രൂപ ദിയാധനം കൈപ്പറ്റി കുടുംബം മാപ്പ് നൽകിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്. കുടുംബത്തിൻറെ നിലപാട് കണക്കിലെടുത്ത് ജൂലൈ രണ്ടിന് കോടതി വധശിക്ഷ റദ്ദാക്കിയിരുന്നു.
പബ്ലിക് റൈറ്റ്സ് അനുസരിച്ചുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇത് അനുസരിച്ച് ഒക്ടോബർ 21ന് മോചന ഹർജി പരിഗണിച്ച ബെഞ്ച്, വധശിക്ഷ റദ്ദാക്കിയ ബെഞ്ച് തന്നെ കേസിൽ വിധി പറയണമെന്ന് ചൂണ്ടിക്കാട്ടി മാറ്റിവയ്ക്കുകയായിരുന്നു. നവംബർ 17ന് ഹർജി വീണ്ടും പരിഗണിച്ചപ്പോൾ പ്രോസിക്യൂഷന്റെ സത്യവാങ്മൂലം വിശദമായി പഠിക്കണമെന്ന് പറഞ്ഞ് കേസ് മാറ്റി. ഡിസംബർ എട്ടിന് പ്രതിഭാഗത്തിന്റെ വാദം കൂടി കേട്ട കോടതി വിധി പറയാൻ കേസ് ഡിസംബർ പന്ത്രണ്ടിലേക്ക് മാറ്റിയെങ്കിലും അന്നും വിധിയുണ്ടായില്ല. സാങ്കേതിക കാരണങ്ങളെ തുടർന്നാണിതെന്നായിരുന്നു റഹിം നിയമസഹായ സമിതി അറിയിച്ചത്. എന്നാൽ അതല്ല കാര്യമെന്നാണ് ഇന്നത്തെ കോടതി നടപടിയോടെ വ്യക്തമാകുന്നത്.
കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതൽ വിശദാംശങ്ങൾ അറിയാനുണ്ടെന്ന കോടതി നിലപാട് ആശങ്കയുണ്ടാക്കുന്നതാണ്. ജനുവരി 15ന് പ്രാദേശിക സമയം രാവിലെ എട്ട് മണിക്ക് ഹർജി വീണ്ടും പരിഗണിക്കും. 2006ൽ ഡ്രൈവറായി ജോലി ലഭിച്ച് റിയാദിലെത്തി ഒരു മാസം തികയും മുൻപാണ് കൊലപാതകകേസിൽ അകപ്പെട്ട് അബ്ദുല്‍ റഹിം ജയിലാകുന്നത്. വധശിക്ഷ റദ്ദാക്കിയശേഷം ഉമ്മയും സഹോദരനും അമ്മാവനും റിയാദ് ജയിലിലെത്തി റഹിമിനെ നേരിൽ കണ്ടിരുന്നു.