അബുദാബിയില്‍ നിന്ന് ദുബായിലേക്ക് ഇനി വെറും അര മണിക്കൂറില്‍ എത്താം. ഹൈസ്പീഡ് റെയിൽ പദ്ധതി ഇത്തിഹാദ് റെയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവില്‍ ബസില്‍ രണ്ട് മണിക്കൂറും കാറില്‍ ഒന്നരമണിക്കൂറുമാണ് അബുദാബാബി ദുബായ് യാത്രാ സമയം. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ഇത് 30 മിനുട്ടായി ചുരുങ്ങും.
പ്രധാന നഗരങ്ങളെയും വിനോദസഞ്ചാരകേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിലായിരിക്കും ട്രെയിൻ സഞ്ചരിക്കുക. ഇത്തിഹാദ് റെയിലിന്‍റെ പാസഞ്ചർ റെയിൽ ഈ വർഷം സർവീസ് നടത്താനിരിക്കെയാണ് അതിവേഗ പാതയുടെ പ്രഖ്യാപനം.
അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ സാന്നിധ്യത്തിൽ അബുദാബി അൽഫായ സ്റ്റേഷനിലായിരുന്നു പ്രഖ്യാപനം.
അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എമിറേറ്റുകളിലെ ആദ്യ സ്റ്റേഷനുകളും പ്രഖ്യാപിച്ചു. അതിവേഗ പാതയിലെ സ്റ്റേഷനുകളെ മെട്രോ, ബസ് സ്റ്റേഷനുകളുമായും ബന്ധിപ്പിക്കും. സാധാരണ ട്രെയിൻ ടിക്കറ്റിനേക്കാൾ കൂടുതലായിരിക്കും നിരക്കെന്നാണ് സൂചന. എന്നാൽ, സർവീസ് എന്ന് തുടങ്ങുമെന്നോ നിരക്ക് എത്രയായിരിക്കുമോ എന്നോ പുറത്ത് വിട്ടിട്ടില്ല.
കൂടാതെ അബുദാബിയെ ഒമാനിലെ സോഹാർ തുറമുഖവുമായി ബന്ധിപ്പിക്കുന്ന ഹഫീത് റെയിൽ പദ്ധതിയുടെ നിർമാണവും പുരോഗമിക്കുകയാണ്. ഈ പദ്ധതി യാഥാര്‍ഥ്യമാകുന്നതിലൂടെ ഒന്നര മണിക്കൂറിൽ അബുദാബിയിൽനിന്ന് ഒമാനിലെത്താനാകും.
അതിവേഗ സേവനങ്ങൾ ആരംഭിക്കുന്നതോടെ റോഡിലെ തിരക്ക് ഗണ്യമായി കുറയും. എമിറേറ്റുകൾ തമ്മിലുള്ള ചരക്കുഗതാഗതവും വേഗത്തിലാവും. കൂടാതെ ടൂറിസം മേഖലയും ശക്തിപ്പെടും. അടുത്ത 50 വർഷം യുഎഇയുടെ ജിഡിപിയിലേക്ക് അതിവേഗ റെയിലിന് 14,500 കോടി ദിർഹം സംഭാവന ചെയ്യാനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
നാല് ഘട്ടങ്ങളായിലായാണ് ഹൈസ്പീഡ് റെയിലിന്റെ നിർമാണം നടക്കുക.രണ്ടാം ഘട്ടത്തിൽ 10 സ്റ്റേഷനുകളുള്ള ഇൻ-സിറ്റി റെയിൽവേ ശൃംഖല അബുദാബി നഗരത്തിൽ വികസിപ്പിക്കും. മൂന്നാം ഘട്ടത്തിൽ അബുദാബിയെയും അൽഐനെയുമാണ് ബന്ധിപ്പിക്കുക.നാലാം ഘട്ടത്തിൽ ദുബായിൽനിന്ന് ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളെയും ബന്ധിപ്പിക്കും.അബുദാബി അൽസാഹിയ മുതൽ ദുബായ് ജദ്ദാഫ് വരെയാണ് 150 കിലോമീറ്റർ ട്രാക്കാണ് ആദ്യഘട്ടത്തിൽ ഒരുക്കുന്നത്. ഇതിൽ 31 കിലോമീറ്റർ തുരങ്കമായിരിക്കും.
അൽ സാഹിയ (എഡിടി), സാദിയത്ത് ദ്വീപ് (എഡിഎസ്), യാസ് ഐലൻഡ് (യാസ്), അബുദാബി എയർപോർട്ട് (എയുഎച്ച്), ജദ്ദാഫ് (ഡിജെഡി) എന്നിങ്ങനെ 5 സ്റ്റേഷനുകളാണ് ഉണ്ടാവുക.അതിൽ എഡിടി, എയുഎച്ച്, ഡിജെഡി എന്നിവ ഭൂഗർഭ സ്റ്റേഷനുകളായിരിക്കും.