ഒക്ടോബര്‍ 7 ന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന്‍റെ കാരണങ്ങളിലേക്ക് അന്വേഷണം നടത്തി ഇസ്രയേല്‍ സുരക്ഷ ഏജന്‍സി ഷിന്‍ ബെറ്റ്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടപ്പാക്കിയ നയങ്ങൾ ആക്രമണത്തിന് കാരണമായെന്ന് ഏജന്‍സി കുറ്റപ്പെടുത്തുന്നു. ഹമാസിന് ലഭിക്കുന്ന ധനസഹായങ്ങളില്‍ കണ്ണടച്ചതും കാരണമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇസ്രയേലിന്‍റെ അറിവോടെ ഹമാസിന് ഖത്തര്‍ നല്‍കിയിരുന്ന ധനസഹായം ആക്രമണത്തിന്‍റെ കാരണങ്ങളിലൊന്നാണെന്ന് അന്വേഷണ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ഗാസയിലും വെസ്റ്റ് ബാങ്കിലും പ്രശ്നങ്ങളുണ്ടാകുമെന്ന് കരുതി ഈ ധനസാഹായത്തോടെ ഇസ്രയേല്‍ കണ്ണടച്ചിരുന്നു. ഇസ്രയേലി രാഷ്ട്രീയക്കാര്‍ ജറുസലേമിലെ അല്‍ അഖ പള്ളിയില്‍ നടത്തിയ സന്ദര്‍ശനവും പല്സ്തീന്‍ തടവുകരോടുള്ള സമീപനങ്ങളും ഹമാസ് ആക്രമണങ്ങളുടെ കാരണങ്ങളായി റിപ്പോര്‍ട്ടിലുണ്ട്. ഗാസയിലെ ഏജന്‍റുമാരുടെ റിക്രൂട്ട്‌മെന്‍റിലും പ്രവർത്തനത്തിലും വലിയ വിടവുകളുണ്ടെന്നും ഷിൻ ബെറ്റ് കുറ്റപ്പെടുത്തുന്നു.
ഒക്ടോബര്‍ 7 ആക്രമണത്തിനുള്ള റൂട്ട്മാപ്പ് തയ്യാറാക്കാന്‍ ഹമാസ് ഉപയോഗിച്ചത് സമൂഹ മാധ്യമങ്ങളില്‍ ഇസ്രയേല്‍ സൈനികര്‍ പങ്കുവച്ച ദൃശ്യങ്ങളെന്ന വിവരവും ഇതിനോടൊപ്പം പുറത്തുവരുന്നുണ്ട്. സൈനികര്‍ ബേസ് ക്യാപിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിലൂടെയാണ് ഹമാസിന് റൂട്ട് മാപ്പ് തയ്യാറാക്കാന്‍ സാധിച്ചതെന്നാണ് ഇസ്രയേല്‍ ആഭ്യന്തര അന്വേഷണത്തില്‍ മനസിലാക്കിയത്.
നിരീക്ഷണ ക്യമാകള്‍, ജനറേറ്ററുകള്‍, സുരക്ഷ ഉദ്യോഗസ്ഥര്‍, എന്നിവയുടെ വിവരങ്ങള്‍ ഫോട്ടോകളിലൂടെ ലഭിച്ചു എന്നാണ് കണ്ടെത്തല്‍. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിന്നീട് നഹാൽ ഓസ് സൈനിക താവളത്തിന്‍റെ മാതൃകകള്‍ നിര്‍മിച്ചിരുന്നതായി പിടിക്കപ്പെട്ട ഹമാസ് പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
സമാനമായ ഇന്‍റലിജന്‍സ് ചോർച്ച തടയാൻ സൈനികതാവളങ്ങള്‍ക്കുള്ളില്‍ ഫോട്ടോഗ്രാഫി നിരോധിക്കാനാണ് ഇസ്രയേലി സൈന്യം തീരുമാനിച്ചത്. ഇത് ലംഘിക്കുന്നവര്‍ക്ക് കർശനമായ ശിക്ഷകൾ നടപ്പാക്കും. സൈനികരും പ്രധാന സ്ഥാനങ്ങളിലിരിക്കുന്ന ഉദ്യോഗസ്ഥരും ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.
ആക്രമണത്തിന് മുന്‍പ് നഹാൽ ഓസ് സൈനിക താവളത്തിലെ സൈനികര്‍ക്ക് മുന്നറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഹമാസും പലസ്തിന്‍ ഇസ്ലാമിക് ജിഹാദും ഏകദേശം 5000 സൈനികരെയാണ് ഗാസ അതിര്‍ത്തിയില്‍ ഇസ്രയേലിനെതിരെ പോരാടന്‍ ക്രമീകരിച്ചത്. എന്നാല്‍ ഇറാനില്‍ നിന്നും ഹിസ്ബുല്ലയില്‍ നിന്നുമുള്ള ആക്രമണങ്ങള്‍ക്കെതിരെയാണ് സൈന്യം കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ഒക്ടോബര്‍ ഏഴിന്‍റെ ആക്രമണത്തില്‍ 1,180 പേരാണ് കൊല്ലപ്പെട്ടത്. വിദേശികളടക്കം 252 പേരെ ഇസ്രയേലില്‍ നിന്നും ഹമാസ് ബന്ദികളാക്കിയിരുന്നു.