ഇസ്രയേലിലേക്കുള്ള കുടിയേറ്റ ശ്രമത്തിനിടെ ജോര്‍ദാന്‍– ഇസ്രയേല്‍ അതിര്‍ത്തിയില്‍ വെടിവയ്പ്പില്‍ മലയാളി കൊല്ലപ്പെട്ട സംഭവത്തില്‍ ഇടപെട്ട് വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ എംബസി തുടര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കുടുംബത്തിന് വേണ്ട സഹായം നല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ജോര്‍ദാന്‍ എംബസിയുമായി ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടിട്ടുണ്ട്.
ഇസ്രായേലില്‍ മികച്ച ശമ്പളമുളള ജോലിയും അതിലൂടെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറലും പ്രതീക്ഷിച്ചാണ് തോമസ് ഗബ്രിയേല്‍ പെരേരയെന്ന നാല്പത്തിയേഴുകാരന്‍ സന്ദര്‍ശക വീസയില്‍ വിമാനം കയറിയത്. ഒപ്പം ഭാര്യാസഹോദരന്‍ എഡിസനുമുണ്ടായിരുന്നു. ഇവര്‍ ഉള്‍പ്പെട്ട നാലംഗ സംഘം ഫെബ്രുവരി 10 ന് ജോര്‍ദാനിലെ കരായ്ക്ക് അതിര്‍ത്തിയിലൂടെ ഇസ്രയേലിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ജോര്‍ദാന്‍ സൈന്യത്തിന്‍റെ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ടുപോയ സംഘം പാറക്കെട്ടുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുമ്പോഴാണ് വെടിവയ്പ്പുണ്ടായത്.
ആദ്യം വെടിയേറ്റ എഡിസന് അപ്പോള്‍ത്തന്നെ ബോധം നഷ്ടപ്പെട്ടിരുന്നതിനാല്‍ തോമസിന് എന്തു പറ്റിയെന്ന് വ്യക്തതയുണ്ടായിരുന്നില്ല. ചികില്‍സയ്ക്ക് ശേഷം തടവിലായിരുന്ന എഡിസന്‍ മോചിതനായി നാട്ടിലെത്തിയത് 27നാണ്. ഇതിനിടെ തോമസിനെ കാണാതായതിനെപ്പറ്റി എംബസി വഴി അന്വേഷിച്ചപ്പോഴാണ് കൊല്ലപ്പെട്ടെന്ന വിവരമറിയുന്നത്. തലയില്‍ വെടിയേറ്റ തോമസ് തല്‍ക്ഷണം മരിച്ചു. തോമസിന്‍റെ മൃതദേഹം ജോര്‍ദാനിലെ കരായ്ക്ക പ്രവശ്യയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിലാണ്. മാസം മൂന്നരലക്ഷം രൂപ വാഗ്ദാനം ചെയ്ത് ചതിയില്‍പെടുത്തിയത് മലയാളി ഏജന്‍റാണെന്നാണ് എഡിസന്‍ പറയുന്നത്.