യുഎഇയിൽ പ്രായപൂര്‍ത്തിയായവര്‍ക്ക് ജീവിതപങ്കാളിയെ സ്വന്തം ഇഷ്ടപ്രകാരം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം നൽകുന്ന നിയമപരിഷ്കാരം നിലവില്‍ വന്നു. വിവാഹം, വിവാഹ മോചനം, കുട്ടികളുടെ കസ്റ്റഡി പ്രായം, മാതാപിതാക്കളോടുള്ള പരിഗണന തുടങ്ങിയ വിഷയങ്ങളിൽ ജനുവരിയിൽ കൊണ്ടുവന്ന ഭേദഗതിയാണ് പ്രാബല്യത്തിൽ വന്നത്.
പ്രായപൂർത്തിയായവർക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാൻ മാതാപിതാക്കൾ വിസമ്മതിച്ചലും കോടതി മുഖേന സാധിക്കുമെന്നതാണ് സുപ്രധാന മാറ്റം. വിദേശികളായ മുസ്ലിം സ്ത്രീകളുടെ വിവാഹത്തിന് രക്ഷാകർത്താവ് വേണമെന്ന് ആതാത് രാജ്യത്തിന്‍റെ ദേശീയ നിയമം ആവശ്യപ്പെടുന്നില്ലെങ്കിൽ മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹിതരാകാം. എന്നാല്‍, പുരുഷനും സ്ത്രീയും തമ്മിൽ 30 വയസ്സിലേറെ വ്യത്യാസമുണ്ടെങ്കിൽ കോടതിയുടെ അനുമതിയോടെ മാത്രമേ വിവാഹം ചെയ്യാനാകൂ.
സ്ത്രീയെ വിവാഹം കഴിക്കാനുള്ള പുരുഷന്റെ അഭ്യർഥന മാത്രമാണ് വിവാഹ നിശ്ചയമെന്നും നിയമഭേദഗതിയില്‍ വ്യക്തമാക്കുന്നു. വിവാഹത്തിന് അന്തിമ രൂപം നൽകിയ ശേഷം പിൻമാറുകയാണെങ്കിൽ പരസ്പരം നൽകിയ സമ്മാനങ്ങൾ വീണ്ടെടുക്കാം. വിവാഹ കരാറിൽ പ്രത്യേകം നിഷ്കർഷിച്ചിട്ടില്ലെങ്കിൽ ഭാര്യ ഭർത്താവിനോടൊപ്പം അനുയോജ്യമായ ഭവനത്തിൽ താമസിക്കണമെന്നും നിഷ്കർഷിക്കുന്നു. വിവാഹ മോചന കേസുകളിൽ കുട്ടികളുടെ കസ്റ്റഡി പ്രായം 18 വയസ്സാക്കി ഉയർത്തിയതാണ് മറ്റൊരു പ്രധാനമാറ്റം. നേരത്തെ ഇത് ആൺകുട്ടികൾക്ക് 11ഉം പെൺകുട്ടികൾക്ക് 15ഉം വയസ്സായിരുന്നു. എന്നാൽ 15 വയസ്സ് തികഞ്ഞ കുട്ടിക്ക് ആര്‍ക്കൊപ്പം ജീവിക്കണമെന്ന് നിലപാടെടുക്കാം. 18 വയസ്സ് തികഞ്ഞവർക്ക് പാസ്പോർട്ടുകളും തിരിച്ചറിയൽ രേഖകളും സ്വന്തമായി കൈവശം വയ്ക്കാനും അധികാരമുണ്ടാകും.
മാതാപിതാക്കളെ ഉപേക്ഷിക്കുക, മോശമായി പെരുമാറുക, സാമ്പത്തിക സഹായം നൽകാതിരിക്കുക എന്നിവയ്ക്ക് കടുത്ത ശിക്ഷയാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. പ്രായപൂർത്തിയാകാത്തവരുമായി അനുവാദമില്ലാതെ യാത്ര ചെയ്യുക, അവരുടെ സ്വത്ത് തട്ടിയെടുക്കുക, അനന്തരാവകാശം പാഴാക്കുക എന്നീ നിയമലംഘനങ്ങൾക്കും കടുത്ത ശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. തടവും 5000 ദിർഹം മുതൽ 1 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. കുടുംബ ബന്ധങ്ങളും സാമൂഹിക സ്ഥിരതയും ഐക്യവും ഊട്ടിയുറപ്പിക്കാനും അവകാശ സംരക്ഷണം ശക്തമാക്കാനുമാണ് നിയമഭേദഗതിയിലൂടെ രാജ്യം ലക്ഷ്യമിടുന്നത്.