പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ആസിഫ് അലി സര്‍ദാരി പാകിസ്ഥാന്റെ 14ാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.  ഇത് രണ്ടാം തവണയാണ് സര്‍ദാരി പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. പിപിപി, പിഎംഎല്‍എന്‍ ന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായാണ് സര്‍ദാരി മത്സരിച്ചത്. 68 വയസാണ് സര്‍ദാരിക്ക്. സുന്നി ഇതേഹാദ് കൗണ്‍സിലിന്റെ മഹ്മൂദ് ഖാന്‍ അക്സായി ആണ് സര്‍ദാരിക്ക് എതിരായി മത്സരിച്ചത്. 

 

ദേശീയ അസംബ്ലിയിലും സെനറ്റിലുമായി 255 വോട്ടുകളാണ് സര്‍ദാരി നേടിയത്.  അതേസമയം 119 വോട്ടുകളാണ് മഹ്മൂദ് ഖാന്‍ നേടിയത്. 

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ അസംബ്ലി ഇലക്ടറല്‍ കോളജും നാല് പ്രവിശ്യാ അസംബ്ലിയും ചേര്‍ന്നാണ് സര്‍ദാരിയെ തിരഞ്ഞെടുത്തത്. സിന്ധ് ബലൂചിസ്ഥാന്‍ അസംബ്ലിയില്‍ പോള്‍ ചെയ്യപ്പെട്ട വോട്ടുകളെല്ലാം സര്‍ദാരി നേടി. പഞ്ചാബ് അസംബ്ലിയിലും വ്യക്തമായ മേല്‍ക്കൈയ്യോടെ ആയിരുന്നു സര്‍ദാരിയുടെ വിജയം. 

 

2008 മുതല്‍ 2013 വരെയാണ് നേരത്തേ ആസിഫ് അലി പാകിസ്ഥാന്റെ പ്രഡിഡന്റ് പദവി നിര്‍വഹിച്ചത്. പാകിസ്ഥാനില്‍ രണ്ടു തവണ ഒരാള്‍  പ്രസിഡന്റാവുന്നതും ഇതാദ്യമാണ്. പ്രസിഡന്റായി നാളെയാവും സര്‍ദാരി സത്യപ്രതിജ്ഞ ചെയ്യുക. 

Asif Ali Zardari elected as the president of Pakistan for the second time