TOPICS COVERED

ഹൃദയശസ്ത്രക്രിയയെത്തുടര്‍ന്ന്  ദുബായില്‍ മരിച്ച  സുനു കാനാട്ടിനെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. ഫെയ്സ്ബുക് കുറിപ്പുകളിലൂടെ അസാധാരണ സൗഹൃദവലയം തീര്‍ത്ത സുനുവിനെക്കുറിച്ച് ദുബായിലെ മനോരമ ന്യൂസ് ചീഫ് ക്യാമറാമാന്‍ പ്രമദ് ബി.കുട്ടി എഴുതുന്നു.

‘നാലു നല്ല കിടിലൻ ബ്ലോക്കുണ്ട് . സർജറി തന്നെവേണമെന്നാണ് ഡോക്‌ടർമാരുടെ നിർദ്ദേശം .സ്റ്റെന്റ് കൊണ്ട് വലിയ കാര്യമില്ലെന്ന് .സർജറി ചെയ്താൽ പത്തുകൊല്ലത്തേക്ക് മിനിമം ഓടുമത്രേ’ , ജൂലൈ എട്ടിന് രാവിലെ സുനു കാനാട്ട് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഫെയ്്സ്ബുക്കില്‍ പോസ്റ്റിട്ടു . പലരും കരുതി ഇന്നെന്തോ പുതിയ കഥയുമായി അവൻ വീണ്ടും എത്തിയിരിക്കുകയാണ്. പക്ഷെ അത് വായിച്ചു ഞങ്ങൾ സ്തബ്ധരായി. കാരണം ഞങ്ങൾക്കറിയുന്ന സുനു കാനാട്ട് കാലങ്ങളായി യോഗയും ധ്യാനവും ഒക്കെ കൃത്യമായി ചെയ്തുകൊണ്ട് ദിവസം ആരംഭിക്കുന്ന ആളാണ് . പുകവലിയോ മറ്റ് ദുശ്ശീലങ്ങളോ  ഇല്ലാത്ത ആൾ, പിന്നെങ്ങനെ? അറിയില്ല.

ജൂലൈ 11ന് സുനു വീണ്ടും എഴുതി. ‘ ഒരു നെഞ്ചുവേദനയും എനിക്ക് ഇന്നുവരെ ഉണ്ടായിട്ടില്ല. കയറ്റം കയറുമ്പോഴും ട്രെഡ്മില്ലില്‍ കയറുമ്പോഴും ഒരു ഭാരം തോന്നി. രണ്ടുദിവസംമുന്‍പ് ഉറക്കത്തില്‍ ഹൃദയസ്തംഭനം വന്ന് സുഹൃത്ത് ജോണ്‍സി മരണപ്പെട്ടതുകൂടി അറിഞ്ഞപ്പോഴാണ് ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്.’

2003 ൽ MET ടെലിവിഷന്‍ ചാനലിന്റെ ക്യാമറാമാൻ എന്ന നിലയിലാണ് സുനുവിനെ ഞാന്‍ പരിചയപ്പെട്ടത്. അവൻ പിന്നീട് പല ചാനലുകളിൽ ജോലി ചെയ്തു. വല്ലപ്പോഴും നേരിൽ കണ്ടു. പക്ഷെ ഇടക്കൊക്കെ വിളിക്കും. വർഷങ്ങൾ കടന്നുപോയി. അവൻ ഫെയ്സ്ബുക്കില്‍ സജീവമായതോടെ ഞങ്ങള്‍ കൂടുതല്‍ അടുത്തു. ഇഷ്ടം തോന്നിക്കുന്നതായിരുന്നുവന്‍റെ എഫ്.ബി കുറിപ്പുകള്‍. ഗഹനമായ പല വിഷയങ്ങളും സുനു വളരെ ലളിതമായും മനോഹരമായും എഴുതി. യാത്രകളെ വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന സുനു സഞ്ചരിച്ച നാടുകളെ കുറിച്ചും അവിടെത്തെ സാധാരണക്കാരായ മനുഷ്യരെക്കുറിച്ചും ധാരാളമായി എഴുതി.  ഹിമാലയം മുതല്‍  മട്ടാഞ്ചേരിവരെ  സുനു വാക്കുകളില്‍ വരച്ചിട്ടു. ആത്മീയത, പ്രണയം, കുടുംബം ,സൗഹൃദം  അങ്ങനെ പല വിഷയങ്ങളില്‍ അഭിപ്രായങ്ങൾ തുറന്നെഴുതി. അങ്ങനെ അവന്റെ എഴുത്തിന്റെ സുഗന്ധവും പ്രകാശവും ഞങ്ങളിലേക്ക് ഒഴുകിയെത്തി.

സ്വകാര്യ ജീവിതത്തിലെ കുഞ്ഞുകുഞ്ഞു കാര്യങ്ങൾ, സൗഹൃദങ്ങള്‍, സുഖം, സമാധാനം അവ‍ന്‍റെ വാക്കുകളില്‍  നിറഞ്ഞതെല്ലാം സ്വസ്ഥത നഷ്ടപ്പെട്ട ഒട്ടേറെ മനുഷ്യർക്ക്  ആശ്വാസമായി .അവരിൽ പലരും അവനിൽ ഒരു നല്ല സുഹൃത്തിനെ കണ്ടു. ഒരിക്കൽ ധ്യാനം ചെയുമ്പോൾ കിട്ടുന്ന ആത്മീയ സുഖത്തെ കുറിച്ചിങ്ങനെ എഴുതി. ‘ധ്യാനത്തിന്റെ ആഴങ്ങളിൽ പോകുമ്പോൾ ശ്വാസോഛ്വാസം വളരെ നേർത്തതാകും .അപൂർവ്വമായി ചില നിമിഷങ്ങളിൽ ശ്വാസം നിന്നുപോകും .ആ സമയം ശരീരം ഒരു ചെറിയ ഉലച്ചിലോടെ ഓക്സിജൻ വലിച്ചെടുക്കും .ആ സമയം ചെറിയൊരു മരണമാണ് സംഭവിക്കുന്നതെന്ന് പറയുന്നു .അങ്ങനെ കുഞ്ഞു മരണങ്ങൾ അനുഭവിക്കുന്നത് കൊണ്ടാവാം മരണഭയമെന്നത് എന്നെ വിട്ടുപോയതും’

യാത്രയിൽ  ലഭിക്കുന്ന ഊർജത്തെക്കുറിച്ചു ഇങ്ങനെ പറഞ്ഞു ." ഓരോ യാത്രയും പോകുന്ന ഞാനല്ല തിരിച്ചുവരുന്നത് "

സ്ത്രീ ജീവിതത്തെക്കുറിച്ച് – 'അസാധാരണ ഊർജ്ജമുള്ളവരാണ് ഏതു നാട്ടിലും ഏതു കാലത്തും പെണ്ണുങ്ങൾ .തെക്കും വടക്കും അതെ. പക്ഷേ ,ജ്വലിക്കാനൊരുങ്ങുമ്പോഴൊക്ക നിരന്തരം വെള്ളം വീണ് അവർ കെട്ടുകൊണ്ടിരിക്കും .കുറെക്കൂടി തുറസ്സോടെയും ധൈര്യത്തോടെയും നിഷ്കളങ്കതയോടെയും ജീവിതത്തെ നോക്കിയിരുന്ന നാടൻ പെണ്ണുങ്ങളുടെ ഒരു തലമുറ നമ്മെക്കടന്ന് പോയിരുന്നു. ജീവിതത്തിന്റ ഏത് സമസ്യയെയും അവർ ഭംഗിയായി അഴിച്ചെടുക്കും .സന്തോഷങ്ങളെയും ദുരന്തങ്ങളെയും സ്വാഭാവികതയോടെ സ്വീകരിച്ചു ജീവിതം തുടരും’

സുനുവിനെ ഓര്‍ത്ത് ഷില്‍ന സുധാകരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചതിലുണ്ട് അവന്‍റെ സ്നേഹസ്വാധീനത്തിന്‍റെ ആഴം.

‘ഏകാന്തതയും ഡിപ്രെഷനും അതിന്റെ പീക്ക് ഇൽ എത്തി ഒരു ബലൂണ് പോലെ പൊട്ടിത്തെറിക്കാൻ പാകമാകുമ്പോൾ ഓടിപ്പോയി ആ പ്രൊഫൈലില്‍ നോക്കും. വായിച്ചു വായിച്ചു കൊറേ ഊർജം സംഭരിച്ചു താഴെത്തെക്കിറങ്ങി വരും..എന്നെപ്പോലെ വന്നുചേർന്ന ദുരിതപൂർണ്ണമായ ഓർമ്മകളിൽപെട്ട് മുന്നോട്ടു തുഴയാൻ ബുദ്ധിമുട്ടുന്ന ഒരുപാടുപേർക്ക് അത്താണി ആയിരുന്നു അദ്ദേഹത്തിന്റെ കുറിപ്പുകൾ . അദ്ദേഹത്തിന്റെ ജീവിതം എത്രയേറെ സന്തോഷപൂർണ്ണമായിരുന്നു എന്ന് എല്ലായ്പ്പോഴും ഓർക്കാറുണ്ടായിരുന്നു’

ഭാര്യ ഷാരിയേയും മകൾ ആമിയെയും അവരുടെ ഇഷ്ടാനിഷ്ടങ്ങളെയും എത്ര മനോഹരമായാണ് സുനു ഞങ്ങളെ പരിചപ്പെടുത്തിയത് . അവരായിരുന്നു അവന്റെ എഴുത്തിന്റെ ഊർജ്ജമെന്നു പലപ്പോഴും തോന്നിയിട്ടുണ്ട് .

ഒടുവിൽ മരണം അടുത്തെത്തിയപ്പോൾ അവൻ ഇങ്ങനെ കുറിച്ചു.

"ഇന്ന് നെഞ്ചിന്റെ എക്സ് റേയും എക്കോ കാർഡിയോഗ്രാമും എടുത്തു .ഉറങ്ങും മുൻപ് കുളിക്കുകയും ഷേവ് ചെയ്യുകയും വേണം .ഷേവ് ചെയ്യാൻ അവർ സഹായിക്കും .

നാളെ രാവിലെ ആറരയ്ക്ക് റെഡി ആകണം .ആറുമണിക്കൂറുകൊണ്ട് സർജറി എല്ലാം കഴിയണം .ഇന്ന് വേണമെങ്കിൽ ഉറങ്ങാൻ ഒരു മരുന്ന് തരാമെന്ന് പറഞ്ഞിട്ടുണ്ട് .ഇന്നൊരു നല്ല ഉറക്കം ആവശ്യമാണ് .

പലർക്കുമറിയാവുന്നത് പോലെ ഞാൻ പ്രാർത്ഥിക്കുകയൊന്നുമില്ലാത്ത ഒരു മനുഷ്യനാണ് .നിരീശ്വരവാദിയുമല്ല .എന്താണോ ജീവിതം എനിക്ക് നൽകുന്നത് അതിനെയെല്ലാം പൂർണ്ണമായും സ്വീകരിക്കും .ഒന്നിനെയും തള്ളിക്കളയുന്നില്ല .

പ്രപഞ്ചത്തിന് ആവശ്യമുള്ളത്രയും സമയം ഞാനിവിടെയൊക്കെ ഉണ്ടാവും .

വെരി സിംപിൾ "! ’

ഒടുവിൽ കഴിഞ്ഞ 13ന് ദുബായിലെ  പ്രശസ്തമായൊരു ഹോസ്പിറ്റലിൽ   ബൈപാസ് സർജറി നടക്കുകയും ,നിർഭാഗ്യവശാൽ പോസ്റ്റ് കെയർ സമയത്ത് രക്തം വാര്‍ന്ന് ആരോഗ്യനില സങ്കീര്‍ണമായി.  മൂന്നുദിവസത്തെ തുടർചികിത്സാ സഹായം ലഭിച്ചെങ്കിലും, 18ന് വൈകുന്നേരം മരണം സംഭവിച്ചു.

മരണം ഉൾക്കൊള്ളാനാവാതെ സുഹൃത്ത് ഷിൽന ഇങ്ങനെ കുറിച്ചു. ‘എന്തൊരു യാത്ര പറച്ചിൽ ആയിപ്പോയി .ശരിക്കും ഒരാൾ മരിച്ചു പോവുമ്പോൾ യഥാർത്ഥത്തിൽ മരിക്കുന്നത് അയാൾ മാത്രമല്ല അയാളെ ഹൃദയം കൊണ്ട് സ്നേഹിച്ചിരുന്ന മറ്റു പലരും ആണ് ’.

ആ വാക്കുകൾ എത്ര സത്യമാണ് . അവന്‍റെ പുതിയ കുറിപ്പുകള്‍ ഇനിയില്ല. എങ്കിലും എഴുതിവച്ചതൊക്കെ ആ പേജില്‍ മായാതെ കിടക്കുന്നുണ്ട്. ഇതുപോലെ– "ഫെയ്സ്ബുക്കില്‍ പരിചയപ്പെട്ട കുറേ മനുഷ്യരെ നേരിട്ട് കണ്ടിട്ടുണ്ട് .ആരെയും കാണേണ്ടായിരുന്നു എന്നൊരിക്കലും തോന്നിയിട്ടുമില്ല. സംഭവം ലളിതമാണ്. ഞാനിതാണ് എന്ന് ലോകത്തോട് തുറന്നുപറയുന്നൊരാളുടെ അടുത്ത് മറ്റുള്ളവരും തുറന്നവരായിരിക്കും. അവർക്ക് നമ്മളെ വിശ്വാസമാണ്, സ്നേഹമാണ് .

ലൈഫ് ഈസ് ബ്യൂട്ടിഫുൾ !!!