ഇന്ത്യയില്‍ നിന്ന് തൊഴില്‍തേടി വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ നാലുവര്‍ഷത്തിനിടെ വന്‍ വര്‍ധന. കുടിയേറ്റം കൂടുതലും ഗള്‍ഫ് രാജ്യങ്ങളിലേക്കാണ്. വിദേശ ഇന്ത്യക്കരുടെ നിക്ഷേപവും വന്‍തോതില്‍ വര്‍ധിച്ചു.
2020 ല്‍ 94,145 പേരാണ് വിദേശരാജ്യങ്ങളിലേക്ക് തൊഴില്‍ ആവശ്യാര്‍ഥം കുടിയേറിയതെങ്കില്‍ ഈ വര്‍ഷം നവംബര്‍ 19 വരെ അത് 3,48,629 ആണ്. 2022 മുതലാണ് കുടിയേറ്റത്തില്‍ വന്‍ വര്‍ധന ഉണ്ടായത്. 2021 ല്‍ 1,32,675 പേരായിരുന്നു വിദേശത്തെത്തിയത്. 2022 അത് ഇരട്ടിയിലേറെയായി. 3,73,425. കഴിഞ്ഞവര്‍ഷം 3,98,317 പേര്‍ വിദേശരാജ്യങ്ങളിലേക്ക് തൊഴില്‍ ആവശ്യാര്‍ഥം കുടിയേറിയെന്നും വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് രാജ്യസഭയില്‍ ജെബി മേത്തര്‍ എം.പിയുടെ ചോദ്യത്തിന് മറുപടി നല്‍കി. കെട്ടിടനിര്‍മാണം, എണ്ണക്കമ്പനികള്‍, ആരോഗ്യം, ഹൗസ് കീപ്പിങ്, എന്‍ജിനീയറിങ്, ഐ.ടി തുടങ്ങിയ മേഖലകളിലാണ് ഏറെപ്പേരും ജോലിചെയ്യുന്നത്. വിദേശ ഇന്ത്യക്കാര്‍ നടത്തുന്ന നിക്ഷേപത്തിലും വലിയ വര്‍ധനവുണ്ടായി. 2018– 19 ല്‍ 76,396 മില്ല്യന്‍ യു.എസ്. ഡോളറായിരുന്നു നിക്ഷേപമെങ്കില്‍ 2023– 24 ല്‍ അത് 1,24,000 മില്ല്യന്‍ ഡോളറായി ഉയര്‍ന്നു. വിദേശത്ത് തൊഴില്‍ തേടിപ്പോകുന്ന ഇന്ത്യക്കാര്‍ക്ക് നൈപുണ്യ വികസനത്തിനായി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു.