ദുബായിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ബാഗുകൾ ശനിയാഴ്ച മുതൽ സമ്പൂർണമായി നിരോധിക്കും. ജൂൺ ഒന്ന് മുതൽ നിരോധനത്തിൽ ഇളവുണ്ടാകില്ലെന്നും പിഴ ചുമത്തി തുടങ്ങുമെന്നും ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി. അടുത്തവർഷം ജനുവരി ഒന്നു മുതൽ രണ്ടാംഘട്ട പ്ലാസ്റ്റിക് നിരോധനം നിലവിൽ വരും.
25 ഫിൽസ് കൊടുത്ത് വാങ്ങുന്ന ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകൾ ഇനി ദുബായിൽ എവിടെയും ലഭിക്കില്ല. ജൂൺ ഒന്ന് മുതൽ ഇവ സമ്പൂർണമായി നിരോധിക്കും. പ്ലാസ്റ്റിക് ബാഗുകൾക്കും പേപ്പർ ബാഗുകൾക്കും നിരോധനം ബാധകമാണ്. നിയമം ലംഘിക്കുന്നവർക്ക് 200 ദിർഹം പിഴ ചുമത്തും. ആവർത്തിച്ചുള്ള നിയമലംഘനത്തിന് പിഴ ഇരട്ടിയാകും. ഇത് ഒരുവർഷത്തിൽ പരമാവധി 2000 ദിർഹം വരെയാകാം.
ഷോപ്പിങ് മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും നൽകുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് കഴിഞ്ഞ ജനുവരി ഒന്നു മുതൽ നിരോധനം ഏർപ്പെടുത്തുമെന്നാണ് ദുബായി ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് ജൂൺ ഒന്നുവരെ ഇളവു നൽകുകയായിരുന്നു. പുനരുപയോഗിക്കാവുന്ന തുണി ബാഗുകൾ ഉപയോഗിക്കാനാണ് മുനിസിപ്പാലിറ്റി താമസക്കാരോട് ആവശ്യപ്പെടുന്നത്. പരിസ്ഥിതി സംരക്ഷണത്തിനായി ഘട്ടം ഘട്ടമായി പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനാണ് തീരുമാനം.
രണ്ടാംഘട്ട പ്ലാസ്റ്റിക് നിരോധനം അടുത്ത ജനുവരിയിൽ തുടങ്ങും. പ്ലാസ്റ്റിക് കപ്പുകൾ, ടേബിൽ കവറുകൾ, സ്ട്രോ, ഭക്ഷണ സാധനങ്ങൾ നൽകുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകൾ എന്നിവയെല്ലാം ഈഘട്ടത്തിൽ നിരോധിക്കും. 2026 ജനുവരി മുതൽ പ്ലാസ്റ്റിക് പ്ലേറ്റുകൾ, വലിയ പ്ലാസ്റ്റിക് കണ്ടെയ്നറുകൾ തുടങ്ങിയവ നിരോധിക്കാനാണ് തീരുമാനം. സുസ്ഥിരതയ്ക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമാണ് നടപടി. പുതിയ മാറ്റങ്ങൾ ആരോഗ്യകരമായ അന്തരീക്ഷത്തിന് വഴിവയ്ക്കുമെന്നാണ് വിലയിരുത്തൽ.