ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് നവംബർ 17ന് ഉണ്ടായേക്കുമെന്ന പ്രതീക്ഷയില്‍ റഹീം നിയമ സഹായ സമിതി. എന്നാൽ, നൂറു ശതമാനം ഉറപ്പുപറയാനാവില്ലെന്നും രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ടു നടക്കുന്ന കോടതി വ്യവഹാരങ്ങൾക്ക് അതിന്റേതായ നടപടിക്രമങ്ങൾ ആവശ്യമയി വരുമെന്നും സമിതിയുടെ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു.
അബ്ദുൽ റഹീമിന്റെ മോചനം മാത്രമാണ് സമിതിയുടെ ആത്യന്തിക ലക്ഷ്യമെന്നും അനാവശ്യ ചർച്ചകൾ അവസാനിപ്പിക്കണമെന്നും സമിതിക്കെതിരെ ഉയർന്ന ആരോപണങ്ങളോട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു. യൂട്യൂബേഴ്‌സും വ്‌ളോഗർമാരും വസ്തുതകൾ തിരിച്ചറിയണം. സഹായ സമിതിയുമായി ബന്ധപ്പെടാതെ ഏകപക്ഷീയമായി വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുണ്ടെന്നും സഹായ സമിതി നേതാക്കൾ കുറ്റപ്പെടുത്തി.
‘റിയാദ് ജയിലിലെത്തിയ ഉമ്മയെ കാണാൻ റഹീം വിസമ്മതിച്ചത് ദൗർഭാഗ്യകരമാണ്. ഉമ്മയെ കാണാൻ റഹീം തയ്യാറാകണമായിരുന്നു. ഇതാണ് സഹായ സമിതിയുടെ നിലപാട്. റഹീമിന്റെ കുടുംബം സൗദിയിലെത്തിയതും ജയിലിൽ സന്ദർശനം നടത്തിയതും വാർത്തകളിലൂടെയാണ് അറിഞ്ഞത്. ഇന്ത്യൻ എംബസിയെ അറിയിച്ചിരുന്നുവെങ്കിൽ കൂടിക്കാഴ്ചക്ക് അവസരം ഒരുക്കുമായിരുന്നു.’, സമിതി പറഞ്ഞു.
അബ്ദുൽ റഹീമിന്റെയും കൂട്ടു പ്രതി നസീറിന്റെയും കേസ് ഫയലുകൾ രണ്ടായി പരിഗണിക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ജാമ്യത്തിൽ മുങ്ങിയ കൂട്ടുപ്രതിക്കെതിരായ കേസ് റഹീമിന്റെ മോചനത്തെ ബാധിക്കില്ല. സൗദി ബാർ അസോസിയേഷനിൽ എന്റോൾ ചെയ്ത അലി അൽ ഹൈദാന്റെ നേതൃത്വത്തിലുളള രാജ്യത്തെ ഏറ്റവും മികച്ച അഭിഭാഷകരെയാണ് റഹീമിനു വേണ്ടി കോടതിയിൽ ഹാജരാകാൻ നിയമ സഹായ സമിതി ചുമതലപ്പെടുത്തിയത്. ഇവരെ സഹായിക്കാനും അഭിഭാഷകരുമായും വിവിധ കാര്യാലയങ്ങളുമായി ഏകോപനം നടത്താനുമാണ് റഹീമും എംബസിയും അധികാരപ്പത്രം നൽകിയിട്ടുളള ഉസാമ അൽ അംബറിനെ നിയമിച്ചത്. നിയമ വ്യവഹാരങ്ങളിൽ കാലതാമസവും വീഴ്ചയും സംഭവിക്കാതിരിക്കാൻ മുൻകരുതൽ എന്ന നിലയിലാണ് നിയമ സഹായ സമിതി ജാഗ്രതയോടെ പ്രവർത്തിച്ചത്. എന്റോൾ ചെയ്യാത്ത അഭിഭാഷകരാണ് റഹീമിന്റെ കേസ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണങ്ങൾക്ക് മുറപടിയായി സഹായ സമിതി വ്യക്തമാക്കി.
കോടതി രേഖകളുടെ പകർപ്പുകൾ റഹീമിന്റെയും നിയമ സഹായ സമിതിയുടെയും കൈവശമുണ്ട്. സൗദി അറേബ്യയുടെ ഔദ്യോഗിക ചിഹ്‌നങ്ങളും മുദ്രയുമുളള രേഖകൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും പ്രചരിപ്പിക്കുന്നതിന് പെരുമാറ്റച്ചട്ടം അനുവദിക്കുന്നില്ല. രേഖകൾ പുറത്തുവിടാൻ ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയർന്ന വെല്ലുവിളികൾക്ക് മറുപടിയായി സഹായ സമിതി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ നിയമ സഹായ സമിതി ചെയർമാൻ സിപി മുസ്തഫ, ട്രഷറർ സുരേന്ദ്രൻ കൂട്ടായി, സുധീർ കുമ്മിൾ, മുനീബ് പാഴൂർ, അർഷദ് ഫറോഖ് എന്നിവർ സന്നിഹിതരായിരുന്നു.