aed-abu-amro

പലസ്തീൻ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ തംരഗമാകുന്നു. പലസ്തീൻ ഇസ്രയേല്‍ അതിര്‍ത്തിയില്‍ ഒരു കയ്യില്‍ പലസ്തീന്റെ പതാകയും മറുകയ്യില്‍ കവണയുമേന്തി ഷര്‍ട്ട് ധരിക്കാതെ ഇസ്രയേല്‍ അധിനിവേശത്തിനെതിരെ പ്രധിഷേധിക്കുന്ന  പലസ്തീൻ യുവാവിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഫ്രഞ്ച് വിപ്ലവ ചിത്രമായ 'ലിബര്‍ട്ടി ലീഡിങ്ങ് ദ പീപ്പിളുമായിട്ടാണ് ഈ ചിത്രത്തെ താരതമ്യം ചെയ്യപ്പെടുന്നത്.

ഇസ്രയേലിന്റെ അധിനിവേശത്തിനെതിരെ പോരാടുന്ന ഇരുപതുകാരനായ പലസ്തീൻ യുവാവ് അഹദ് അബൂ അംറോ ആണ് ചിത്രത്തില്‍.കത്തിച്ചിട്ട ടയറുകളില്‍ നിന്നുയരുന്ന പുക പടലങ്ങള്‍ക്കിടയില്‍ ഷര്‍ട്ട് ധരിച്ച പ്രതിഷേധക്കാര്‍ക്കും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റണിഞ്ഞ മാധ്യമ പ്രവര്‍ത്തകര്‍ക്കുമിടയില്‍ ഷര്‍ട്ട് ധരിക്കാതെയാണ് അഹദ് അബൂ അംറോ നില്‍ക്കുന്നത്.

തുര്‍ക്കി വാര്‍ത്താ ഏജന്‍സി അനദോളുവിന്റെ മുസ്ഥഫ ഹസൂൻ ഒക്ടോബർ 22 ന് പകർത്തിയ ചിത്രം വൈകാതെ സമൂഹമാധ്യമങ്ങളിലും തീ പടർത്തി. ഗാസയിലെ അൽ– സൈതൂനിലാണ് അഹദ് അബു താമസിക്കുന്നത്. തന്റെ സുഹൃത്തുക്കൾ‍ക്കൊപ്പം എല്ലാ വെളളിയാഴ്ചയും തിങ്കളാഴ്ചയും അബു അതിർത്തിയിലെത്തി പ്രതിഷേധിക്കാറുണ്ട്. തന്റെ പ്രതിഷേധം ക്യാമറ കണ്ണുകൾ പകർത്തുന്നത് അബു അറിഞ്ഞതേയില്ല. വൈറലാകുന്ന ഈ ചിത്രം സുഹൃത്തുക്കൾ അയച്ചു തന്നപ്പോൾ താൻ ഞെട്ടിപ്പോയെന്നും പലസ്തീൻ പോരാട്ടത്തിന്റെ പുതിയ മുഖമായ യുവാവ് ആശ്ചര്യത്തോടെ പറയുന്നു. 

നോര്‍ത്തേണ്‍ ഗാസയിലെ ബൈത്ത് ലാഹിയയില്‍ വെച്ചാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ധാരാളം പ്രമുഖര്‍ ഇതിനകം ചിത്രം പങ്ക് വെച്ചിട്ടുണ്ട്.