rolls-royce

കരടി വേഷം കെട്ടി സ്വന്തം ആഡംബര കാറുകൾ നശിപ്പിച്ചതിന് നാല് പേര്‍ അറസ്റ്റില്‍. കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലാണ് തട്ടിപ്പ് നടന്നത്. ഇന്‍ഷൂറന്‍സ് തുകയ്ക്കായാണ് ഇത്തരമൊരു തട്ടിപ്പ് നടത്തിയത്. കരടിയുടെ വേഷം കെട്ടി ഡോറുകള്‍ തകര്‍ക്കുകയും സീറ്റുകള്‍ വലിച്ചുകീറുകയും ചെയ്തു. 2010 ലെ റോൾസ് റോയ്‌സ് ഗോസ്റ്റ്, 2015 മെഴ്സിഡീസ് ജി63 എഎംജി, 2022 മെഴ്സിഡീസ് ഇ 350 എന്നീ കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. 

ലേക് ആരോഹെഡിൽ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് നേരെയാണ് കരടിയുടെ ആക്രമണം ഉണ്ടായതായി പരാതി ഉയര്‍ന്നത്. ഇതിനെതുടര്‍ന്ന് കരടി കാറുകള്‍ തകര്‍ക്കുന്ന ദൃശ്യങ്ങളും ഉടമകള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ഏകദേശം 140,000 ഡോളറിലധികമാണ് ഉടമകള്‍ ഇൻഷുറൻസായി ആവശ്യപ്പെട്ടത്. എന്നാല്‍ നാല് കാറുകളിലും ഉണ്ടായ കേടുപാടുകളിലെ സമാനതയും ഉടമകള്‍ നല്‍കിയ സിസിടിവിയില്‍ പതിഞ്ഞ കരടിയുടെ ദൃശ്യങ്ങളും ഇന്‍ഷൂറന്‍സ് കമ്പനിയില്‍ സംശയം ജനിപ്പിച്ചു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകാര്‍ പിടിയിലായത്. 

കരടിയുടെ വേഷം ധരിച്ച പുരുഷന്മാരാണ് നാശനഷ്ടങ്ങൾ വരുത്തിയതെന്നാണ് നിഗമനം. ഇൻഷുറൻസ് തട്ടിപ്പ്, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് റൂബൻ തമ്രാസിയൻ, അരരത്ത് ചിർക്കിനിയൻ, വാഹേ മുറാദ്ഖന്യൻ, അൽഫിയ സുക്കർമാൻ എന്നീ നാല് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കരടി വേഷവും മാംസ നഖങ്ങളും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ENGLISH SUMMARY:

Four people arrested for destroying their own Rolls-Royce to claim insurance amount