ramesh-raju

TAGS

കഴിഞ്ഞ ഈസ്റ്റർ ദിനം വരെ രമേശ് രാജു വളരെ സാധാരണക്കാരനായ ഒരാളായിരുന്നു. അനേകായിരം ശ്രീലങ്കക്കാരിൽ ഒരാൾ മാത്രം. എന്നാൽ ഈ വർഷം മുതൽ ഈസ്റ്റർ ദിനം രമേശ് എന്ന വീരനായകന്റെ ഓർമകൂടിയാണ് ശ്രീലങ്കകാർക്ക്.

 

സിയോൺ പള്ളിയിൽ എല്ലാവരെയും പോലെ സകുടുംബം പ്രാർഥിക്കാൻ എത്തിയതാണ് വിശ്വാസിയായ രമേശ്. സിയോൺ ചർച്ചിലെ സൺഡേ സ്കൂൾ അധ്യാപികയാണ് രമേശിന്റെ ഭാര്യ കൃഷാന്തിനി. സൺഡേ സ്കൂൾ കഴിഞ്ഞ് കുർബാന കൂടാൻ തയാറെടുക്കുമ്പോഴാണ് കുട്ടികൾക്ക് വിശക്കുന്നെന്ന് പറഞ്ഞ്. മക്കൾക്ക് എന്തെങ്കിലും വാങ്ങി നൽകാനായി കൃഷാന്തിനി അവർക്കൊപ്പം. രമേശാകട്ടെ പ്രാർഥനാഹാളിന്റെ മുന്നിൽ അവർക്കായി കാത്തുനിന്നു.

 

അപ്പോഴാണ് അപരിചിതനായ ഒരാൾ പള്ളിയുടെ ഉള്ളിലേക്ക് കടക്കാൻ തുടങ്ങിയത്. കുർബാനകൂടാൻ ഇതുവരെ അങ്ങനെ ഒരാളെ രമേശ് കണ്ടിരുന്നില്ല. വലിയൊരു ബാഗുമായി പള്ളിയുടെ ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ച ആ വ്യക്തിയെ ഉൾപ്രേരണ എന്നോണം രമേശ് തടഞ്ഞു. ബാഗിൽ എന്താണെന്ന് ചോദിച്ചപ്പോൾ പ്രാർഥന ചിത്രീകരിക്കാനുള്ള ക്യാമറയാണെന്ന് പറഞ്ഞു. പള്ളീലച്ചന്റെ അനുവാദമില്ലാതെ ഒന്നും ചിത്രീകരിക്കാൻ പാടില്ലെന്ന് രമേശ് പറഞ്ഞു. ഇതേതുടർന്ന് ഇരുവരും വാഗ്വാദത്തിലായി. ‌

 

പെട്ടന്നാണ് വലിയൊരു ശബ്ദത്തോടെ സിലോൺ പള്ളിയിൽ പൊട്ടിത്തെറിയുണ്ടായത്. ബാഗുമായി എത്തിയ ഭീകരനോടൊപ്പം രമേശും പൊട്ടിച്ചിതറി. കൃഷാന്തിനിയും മക്കളും പള്ളിയിലേക്ക് തിരികെ വരുമ്പോൾ കേട്ടത് ഉഗ്രസ്ഫോടനത്തിന്റെ ശബ്ദമാണ്.  

 

 

കുർബാന കൂടാനായി ഹാളിനുള്ളിൽ കേറിയിരുന്നവർ നാലുപാടിനും പാഞ്ഞു.  പള്ളിയുടെ ചില ഭാഗങ്ങൾക്ക് തീപിടിച്ചു. ആംബുലൻസുകൾ മണിമുഴക്കികൊണ്ട് കടന്നുവന്നു, പരിക്കേറ്റവരെയും കൊല്ലപ്പെട്ടവരെയുമെല്ലാം ആശുപത്രികളിലേക്ക് നീക്കി.  ഭർത്താവ് പരുക്കേറ്റവർക്കൊപ്പം ആശുപത്രിയിൽ കാണുമെന്ന് കരുതി കൃഷാന്തിനി അവിടേക്ക് പാഞ്ഞു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ തിരിച്ചറിയാനാകാത്ത വിധം ചിന്നിചിതറിയ ഭർത്താവിന്റെ മൃതദേഹമാണ് കൃഷാന്തിനി കാണുന്നത്. മനുഷ്യബോംബായ ഭീകരന്റെ തൊട്ടടുത്ത് നിന്നത് രമേശായതിനാൽ സ്ഫോടനം ഏറ്റതിന്റെ തോതും കൂടുതലായിരുന്നു. 

 

പക്ഷെ രമേശിന്റെ സമയോചിതമായ ഇടപെടൽ മൂലം 600 ഓളം പേരുടെ ജീവനാണ് രക്ഷപെട്ടത്. സിലോൺ ചർച്ചിൽ മരിച്ചവരുടെ എണ്ണം 28–ായി ചുരുങ്ങാൻ കാരണം രമേശാണ്. അനേകം കുടുംബങ്ങളാണ് രമേശ് കാരണം രക്ഷപെട്ടത്. രമേശിന്റെ വീട്ടിലേക്കുള്ള വഴി നിറയെ അദ്ദേഹത്തെ ചിരിക്കുന്ന മുഖത്തിന്റെ ഫ്ലക്സുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 

 

ശ്രീലങ്കയിലെ സിംഹള-തമിഴ് പുലി ആഭ്യന്തര കലാപത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട കൃഷാന്തിനി തന്റെ ജീവിതത്തിന്റെ  പൂർവഭാഗം കഴിച്ചുകൂട്ടിയത് ഒരു അനാഥയായിട്ടാണ്. അവരുടെ ഏകാന്ത ജീവിതത്തിലേക്ക് താങ്ങും തണലുമായി രമേശ് രാജു എന്ന നന്മ കുടിയേറിയിട്ട്  അധികനാളായിരുന്നില്ല. മക്കളെയും കൃഷാന്തിനിയേയും തനിച്ചാക്കി  വിടപറഞ്ഞെങ്കിലും അച്ഛൻ കാരണം ഒരുപാട് പേരുടെ ജീവൻ രക്ഷപെട്ടതിൽ അഭിമാനമുണ്ടെന്ന് മക്കൾ പറയുന്നു.