മുതിര്‍ന്ന സൈനിക ജനറലിനെ കൊലയാളി മത്സ്യമായ പിരാനകള്‍ക്ക് ഭക്ഷണമായി കൊടുത്ത് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. തനിക്കെതിരെ ശബ്ദമുയർത്തിയതിനാണ് കിം ജനറലിലെ മല്‍സ്യങ്ങൾക്കിട്ടു കൊടുത്തതെന്ന് അന്താരാഷ്ട്ര മാധ്യമമായ 'ദ സൺ' റിപ്പോർട്ട് ചെയ്യുന്നു. ഇതിനു വേണ്ടി മാത്രം ബ്രസീലിൽ നിന്ന് പിരാന മല്‍സ്യത്തെ വാങ്ങി ടാങ്കിടിലിട്ട് വളർത്തിയെന്നും ജനറലിൻറെ കയ്യും തലയും വെട്ടിമാറ്റിയാണ് കൊടുംക്രൂരതയെന്നും റിപ്പോർട്ടിൽ പറയുന്നു. അക്വേറിയത്തിൽ നൂറുകണക്കിന് പിരാനകളുണ്ടായിരുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ജെയിംസ് ബോണ്ട് ചിത്രം 'യു ഓണ്‍ലി ലിവ് ട്വൈസ്' എന്ന ചിത്രത്തിൽ നിന്നാണ് വധശിക്ഷ നടപ്പാക്കുന്നതിന് കിം പ്രചോദമുൾക്കൊണ്ടതെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും അപകടകാരികളായ മൽസ്യങ്ങളാണ് പിരാനകൾ. കൂട്ടമായാണ് ഇവ ആക്രമിക്കുക.
കിം ജോങ് ഉൻ ഉത്തരകൊറിയൻ ഭരണാധികാരിയായതിനു ശേഷം 16 ഉന്നത ഉദ്യോഗസ്ഥരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. യുഎസുമായുള്ള ചര്‍ച്ചക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതും കഴിഞ്ഞ ദിവസങ്ങളില്‍ വാർത്തയായിരുന്നു. ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കിമ്മിന് നാണക്കേടുണ്ടായെന്നാരോപിച്ചായിരുന്നു ഈ കൊലപാതകം. കുടുംബാംഗങ്ങളുടെ മരണത്തിന് പിന്നിലും കിമ്മാണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.