ആശുപത്രി അധികൃതരുടെ ഗുരുതര പിഴവിന് തുടര്‍ന്ന് 30 മണിക്കൂര്‍ ഉദ്ധാരണം സംഭവിച്ച യുവാവിന് 44 ലക്ഷം രൂപ നഷ്ടപരിഹാരം. സ്പെയിനിലെ വലന്‍സിയ നഗരത്തിലെ 36 കാരനാണ് ദുരനുഭവം ഉണ്ടായത്. പ്രിയാപിസമെന്ന രോഗാവസ്ഥയുടെ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയ ഇദ്ദേഹത്തിന് കൃത്യമായ ചികില്‍സ നല്‍കിയില്ലെന്ന് അധികൃതര്‍ കണ്ടെത്തി. അസ്വാഭാവികമായ രീതിയിൽ ലിംഗോദ്ധാരണം നടക്കുന്ന അവസ്ഥയാണ് പ്രിയാപിസം. ലിംഗത്തിലേക്കോ നാഡീവ്യൂഹത്തിലേക്കോ രക്തപ്രവാഹത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിലെ പാകപ്പിഴ കൊണ്ടാണ് പ്രിയാപിസം ഉണ്ടാകുന്നത്.
വലന്‍സിയയിലെ അല്‍ബൈദയിലെ ഹെല്‍ത്ത് സെന്‍ററിലാണ് യുവാവ് ആദ്യം ചികില്‍സ തേടിയത്. ഇവിടെ നിന്ന് രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ പ്രദേശത്തെ തന്നെ ഒന്‍റിനിയന്‍റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇവിടെ കൃത്യമായ ചികില്‍സ നല്‍കിയില്ലെന്നാണ് പരാതി. യൂറോളജിസ്റ്റിനെ കാണാന്‍ നേരത്തെ അപ്പോയിന്‍മെന്‍റ് ആവശ്യമാണെന്നും കാത്തിരിക്കേണ്ടി വരുമെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
ചികില്‍സ വൈകുന്നതിനെ പറ്റി പരാതിപ്പെട്ടതിന് പിന്നാലെ രോഗിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പനിയോടെ രോഗം വഷളായ നിലയിലാണ് അടുത്ത ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. മൂന്നാമത്തെ ആശുപത്രിയിലേക്ക് എത്തുമ്പോള്‍ ഉദ്ധാരണം 20 മണിക്കൂറോളം കഴിഞ്ഞിരുന്നതായി രോഗി വ്യക്തമാക്കി.
ആശുപത്രിയില്‍ നിന്നും നിലമെച്ചപ്പെട്ടതോടെ ഡിസ്ചാര്‍ജ് ചെയ്യുകയും ദിവസങ്ങള്‍ക്ക് ശേഷം ശസ്ത്രക്രിയ തീരുമാനിക്കുകയുമായിരുന്നു. ചികില്‍സയുടെ ഭാഗമയി പെനൈല്‍ ഇംപ്ലാന്‍റ് ഘടിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ കൃത്യതയില്ലാതെ പെനൈല്‍ ഇംപ്ലാന്‍റ് ചെയ്തതിനാല്‍ രോഗിക്ക് രണ്ടാമതും ശസ്ത്രക്രിയ നടത്തേണ്ടി വന്നു.
2020 ലാണ് രോഗിക്ക് ഈ ദുരനുഭവം ഉണ്ടാകുന്നത്. നാലു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വലന്‍സിയ പ്രാദേശിക ഭരണകൂടം നഷ്ടപരിഹാരം വിധിച്ചത്. രോഗിയെ കൃത്യമായല്ല പരിചരിച്ചതെന്നും ഇക്കാരണത്താല്‍ 49,104 യൂറോ (ഏകദേശം 44 ലക്ഷം രൂപ) ആരോഗ്യ വകുപ്പ് യുവാവിന് നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു വിധി. യുവാവിന്‍റെ ഭാര്യയ്ക്കും 5000 യൂറോ നഷ്ടപരിഹാരം ലഭിക്കും.