women-space-walk

ചരിത്രത്തിലേക്ക് കൂടി നടന്നുകയറിയിരിക്കുകയാണ് രണ്ടു യുവതികൾ. വനിതകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന്റെ റെക്കോർഡ് നാസയും സ്വന്തമാക്കി. യുഎസ് ബഹിരാകാശ സഞ്ചാരികളായ ക്രിസ്റ്റീന കോക്, ജെസീക്ക മീർ എന്നിവരാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്നു പുറത്തിറങ്ങി നടന്നത്. ഭൂമിയിൽ നിന്ന് ഏകദേശം 408 കിലോമീറ്റർ മുകളിലായാണു നിലയത്തിന്റെ പ്രവർത്തനം. ഈസ്റ്റേൺ ഡേലൈറ്റ് ടൈം (ഇഡിടി) വെള്ളിയാഴ്ച രാവിലെ 7.50നായിരുന്നു ഇരുവരും നിലയത്തിനു പുറത്തിറങ്ങിയത്. അഞ്ചുമണിക്കൂർ നീളുന്ന ദൗത്യം നാസ ലൈവായി യൂട്യൂബിലൂടെ പ്രദർശിപ്പിച്ചു.

ബഹിരാകാശ നടത്തത്തിനു ചേർന്ന സ്പേസ് സ്യൂട്ട് ഇല്ലാതിരുന്നതിനാൽ, ഇക്കഴിഞ്ഞ മാർച്ചിൽ മാറ്റിവച്ച നടത്തമാണ് ഇത്തവണ വിജയകരമായി നടപ്പാക്കിയത്. അന്ന് ആൻ മക്‌ക്ലെയിനുമായിട്ടായിരുന്നു ക്രിസ്റ്റീനയുടെ യാത്ര നിശ്ചയിച്ചിരുന്നത്. ഒരു മീഡിയം സൈസ് സ്പേസ് സ്യൂട്ട് മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. അടുത്തിടെ രണ്ടാമത്തെ സ്യൂട്ടും നിലയത്തിലെത്തിച്ചതോടെയാണ് ക്രിസ്റ്റീനയ്ക്കും ജെസീക്കയ്ക്കും നറുക്കു വീണത്. പല തവണ പുരുഷ–സ്ത്രീ സഞ്ചാരികൾ ഒരുമിച്ചു ബഹിരാകാശത്തു നടന്ന് നിലയത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ടെങ്കിലും വനിതകൾ മാത്രം ഇതാദ്യമായാണ്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ പവർ കൺട്രോളറുകളിലൊന്നു മാറ്റി സ്ഥാപിക്കുകയെന്നതായിരുന്നു ഇവരുടെ ലക്ഷ്യം