ജന്‍മാട്ടില്‍ തിരിച്ചെത്തിയാല്‍ കൊല്ലപ്പെടുമെന്ന ഭയം മൂലം ഇറാനിയന്‍ സൗന്ദര്യറാണി രണ്ടാഴ്ചയായി താമസിക്കുന്നത് വിമാനത്താവളത്തില്‍. ഭയം മൂലം ഫിലിപ്പീന്‍സിലെ വിമാനത്താവണത്തില്‍ അഭയം തേടിയിരിക്കുകയാണ് ഫിലിപ്പീൻസിലെ രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇറാന്റെ പ്രതിനിധിയായി പങ്കെടുത്ത ബഹോറെ സറി ബഹാരി. ഇറാന്‍ സര്‍ക്കാരിനെതിരെ പൊതുവേദികളില്‍ സ്വീകരിച്ച നിലപാടുകള്‍ മൂലമാണ് താന്‍ വേട്ടയാടപ്പെടുന്നതെന്ന് ബഹാരി പറയുന്നു. തന്റെ രക്ഷക്ക് രാജ്യാന്തരസഹായം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 2008 മുതല്‍ ഇറാന്റെ ആവശ്യപ്രകാരം താന്‍ ഇന്റര്‍പോള്‍ നീരീക്ഷണത്തിലാണെന്നും ബഹാരി പറയുന്നു. 

ബഹാരിയെ അറസ്റ്റ് ചെയ്യുന്നതിനായി ഇന്റർപോളിന്റെ റെഡ് നോട്ടിസ് ലഭിച്ചതായി ഫിലിപ്പീന്‍സ് ഇമിഗ്രേഷന്‍ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഏതു രാജ്യമാണു റെഡ് നോട്ടിസിനായി ആവശ്യമുന്നയിച്ചതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. 

2014 മുതൽ ഫിലിപ്പീൻസിലാണു ബഹാരിയുടെ താമസം. സ്വദേശത്തേക്ക് തിരികെ പോകുന്നില്ലെന്നാണു തീരുമാനം. ഫിലിപ്പീന്‍സിൽ താമസിക്കുന്ന തനിക്കെതിരെ ഇറാനിൽ എങ്ങനെയാണ് ക്രിമിനൽ കേസുണ്ടാകുന്നതെന്ന് പല തവണ അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചതാണെന്നും ബഹോരി പറഞ്ഞു. ഫിലിപ്പീൻസിൽ അഭയാർഥിയാകാൻ താൽപര്യമില്ല. അവിടെ സുരക്ഷ ലഭിക്കുമെന്നു തോന്നുന്നില്ല. മറ്റേതെങ്കിലും രാജ്യത്തേക്കു കടക്കാനാണ് ആഗ്രഹമെന്നു ബഹോറെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.