വീട്ടില്‍ വളര്‍ത്തിയ കഞ്ചാവ് ചെടിക്ക് വവ്വാല്‍ കാഷ്ഠം വളമായിട്ട രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. അണുബാധയാണ് മരണകാരണം. ന്യൂയോര്‍ക്കില്‍ നിന്നാണ് ഇത്തരത്തിലൊരു അപൂര്‍വ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റോച്ചസ്റ്റര്‍ സ്വദേശികളായ 59ഉം 64ഉം വയസ്സുള്ള രണ്ട് പുരുഷന്മാരാണ് മരണപ്പെട്ടത്. ഹിസ്റ്റോപ്ലാസ്മോസിസ് എന്ന അപൂര്‍വ രോഗവസ്ഥയിലേക്ക് വവ്വാല്‍ കാഷ്ഠമിട്ടു വളര്‍ത്തിയ കഞ്ചാവ് ഇരുവരെയും എത്തിച്ചു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ‘ഓപ്പണ്‍ ഫോറം ഇന്‍ഫെക്ഷസ് ഡിസീസസ്’ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഓണ്‍ലൈനായാണ് 59കാരന്‍ വവ്വാല്‍ കാഷ്ഠം വരുത്തിയത്. 64കാരന്‍ വീടിനു സമീപത്ത് നിന്നു തന്നെ വവ്വാല്‍ കാഷ്ഠം ശേഖരിച്ചു. പിന്നാലെ രണ്ടുപേര്‍ക്കും പനി, ചുമ, പെട്ടെന്ന് ഭാരം കുറയുക, ശ്വാസതടസ്സം, രക്തത്തില്‍ അണുബാധ തുടങ്ങി ഗൗരവമായ പ്രശ്നങ്ങള്‍ ഉടലെടുത്തു. ചികിത്സ തേടിയെങ്കിലും രണ്ടുപേരുടെയും ജീവന്‍ രക്ഷിക്കാനായില്ല, വവ്വാല്‍ കാഷ്ഠം സുരക്ഷിതമായ രീതിയില്‍ ഉപയോഗിച്ചില്ല എന്നതാണ് അണുബാധയ്ക്ക് പ്രധാന കാരണമായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
വവ്വാലുകളില്‍ നിന്ന് പലവിധ അസുഖങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി പടര്‍ന്നു പിടിക്കുന്നുണ്ട്. ഹിസ്റ്റോപ്ലാസ്മോസിസ് ഒഹിയോ– മിസിസിപ്പി നദീതടങ്ങളിലാണ് ആദ്യകാലങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇന്നത് മധ്യ–കിഴക്കന്‍ യു.എസ് രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്ന കാഴ്ചയാണുള്ളത്. ഒരോ വര്‍ഷവും ലക്ഷത്തില്‍ രണ്ടുപേര്‍ക്കെന്ന നിലയില്‍ രോഗബാധ കാണപ്പെട്ടുവരുന്നു എന്നാണ് ഓപ്പണ്‍ ഫോറം ഇന്‍ഫെക്ഷസ് ഡിസീസസില്‍ വ്യക്തമാക്കിയിരിക്കുന്നത്.
നിയമാനുസൃതമായി വീടുകളില്‍ കഞ്ചാവ് വളര്‍ത്തുന്നവരുണ്ട്. പല ഓണ്‍ലൈന്‍ സൈറ്റുകളിലും വവ്വാല്‍ കാഷ്ഠം കഞ്ചാവിന് നല്ലതാണെന്ന് പറയുന്നുമുണ്ട്. എന്നാല്‍ വലിയ അപകടമാണ് പതിയിരിക്കുന്നത്. ഇത് മനസ്സിലാക്കാതെ ചെടിക്ക് വവ്വാല്‍ കാഷ്ഠം വളമായിടുന്നവരില്‍ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുകയാണ്. അത് മരണത്തിലേക്ക് നീങ്ങുന്നു. സര്‍ക്കാര്‍ വിഷയം ഗൗരവമായി കാണുകയും നടപടി ശക്തമാക്കുകയും വേണം എന്ന ആവശ്യവും പഠനം മുന്നോട്ടുവയ്ക്കുന്നു.