യുക്രെയ്ൻ–റഷ്യ യുദ്ധ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ വിമർശിച്ച് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താനായിരുന്നു പ്രസിഡന്റ് എങ്കിൽ ഇങ്ങനൊരു ആക്രമണം നടക്കില്ലായിരുന്നു എന്നാണ് ട്രംപ് പറയുന്നത്. 

'പുട്ടിൻ സമർഥനാണ്, പക്ഷേ ഇവിടുത്തെ പ്രശ്നം പുട്ടിന്റെ സാമർഥ്യം അല്ല, മറിച്ച് നമ്മുടെ നേതാക്കൾ മണ്ടന്മാരായതാണ്. ബൈഡനെ വെറും ചെണ്ട പോലെ പുട്ടിന്‍ കൊട്ടുന്നു'. ട്രംപ് പരിഹസിച്ചു. 

എല്ലാവർക്കും അറിയുന്നത് പോലെ നമ്മുടെ തിരഞ്ഞെടുപ്പിൽ കൃത്രിമത്വം നടന്നിട്ടില്ലായിരുന്നെങ്കിൽ ഈ ഭയാനകമായ ദുരന്തം സംഭവിക്കില്ലായിരുന്നു. ഒർലന്റോയിൽ നടന്ന ഒരു സമ്മേളനത്തിലാണ് ട്രംപ് ബൈഡനെ രൂക്ഷമായി വിമർശിച്ചത്. വൻ കരഷോഘത്തോടെയാണ് ഏവരും ട്രംപിന്റെ വാക്കുകളെ കേട്ടത്. 

യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമീർ സെലന്‍സ്‌കിയെ ധീരനെന്ന് വിളിച്ചാണ് ട്രംപ് പുകഴ്ത്തിയത്. റഷ്യ നടത്തുന്നത് മാനവികതയ്ക്ക് നേരെയുള്ള അതിക്രമമാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇത് കാണാന്‍ ഒട്ടും സുഖകരമായ കാഴ്ചയല്ലെന്നും ട്രംപ് പറഞ്ഞു.