TAGS

യുക്രൈൻ ജനതയ്ക്ക് ഒരു ഹീറോയാണ് രണ്ടു വയസ്സുള്ള പാട്രോൺ എന്ന നായക്കുട്ടി. റഷ്യയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ യുക്രൈനിന്റെ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച് വലിയ വാർത്താപ്രാധാന്യം നേടിയ ജാക്ക് റസ്സൽ ടെറിയൻ വിഭാഗത്തിൽ പെട്ട നായ്ക്കുട്ടി കൂടിയാണ് പാട്രോൺ. 

യുദ്ധത്തിന്റെ തുടക്കം മുതല്‍ 200-ലധികം സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുകയും അവ പൊട്ടിത്തെറിക്കുന്നത് തടയുവാനും പാട്രോണിന് സാധിച്ചു.  ഇപ്പോഴിതാ റഷ്യൻ അധിനിവേശം ആരംഭിച്ചതുമുതൽ രാജ്യത്തിന് നൽകിയ വിലമതിക്കാനാവാത്ത  സേവനങ്ങൾക്ക് പാട്രോണിന് പുരസ്‌കാരം നല്‍കി ആദരിച്ചിരിക്കുകയാണ് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി.

പാട്രോണിന്റെ സേവനം മഹത്തരമാണെന്നും വിലമതിക്കാനാവാത്തതാണെന്നും സെലെന്‍സ്‌കി അഭിപ്രായപ്പെട്ടു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കൊപ്പം കീവിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സെലെന്‍സ്‌കി പുരസ്‌കാരം നല്‍കിയത്.

റഷ്യയ്ക്കെതിരായ യുക്രേനിയന്‍ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി പാട്രോണ്‍ വളരെ പെട്ടെന്നാണ് മാറിയത്. മേജര്‍ മൈഹൈലോ ഇലീവ് ആണ് പാട്രോണിന്റെ ഉടമ. വടക്കുകിഴക്കന്‍ മേഘലയിൽ ബെലാറസുമായുള്ള യുക്രെയ്‌നിന്റെ അതിര്‍ത്തിയോട് ചേര്‍ന്നാണ് പാട്രോണിന്റെ പ്രവര്‍ത്തനം. ഇവിടെ റഷ്യ ഉപരോധിക്കുകയും ആറ് ആഴ്ചയോളം കനത്ത ഷെല്ലാക്രമണത്തിന് വിധേയമാക്കുകയും ചെയ്തിരുന്നു. പാട്രോിണിന് ലോകമെമ്പാടും ആരാധകരുണ്ട്.