രാജ്യാന്തര സമൂഹത്തിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് യുക്രെയ്നിലെ നാല് പ്രവിശ്യകളെ രാജ്യത്തോട് കൂട്ടിച്ചേര്‍ത്തതായി റഷ്യയുടെ പ്രഖ്യാപനം. ഹിതപരിശോധന നടന്ന ലുഹാന്‍സ്ക്, ഡോണെറ്റ്സ്ക് റിപ്പബ്ലിക്കുകളും ഹേഴ്സണ്‍, സപോര്‍ഷ്യ മേഖലകളും ഇനിമുതല്‍ റഷ്യയുടെ ഭാഗമാണെന്ന് പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ പറഞ്ഞു. 2014 ല്‍ ക്രൈമിയ സ്വന്തമാക്കിയ അതേ മാതൃകയിലായിരുന്നു റഷ്യയുടെ നീക്കം. അതേസമയം റഷ്യയുടെ നീക്കത്തെ യുക്രെയ്നും യൂറോപ്യന്‍ യൂണിയനും യു.എസും ശക്തമായി അപലപിച്ചു
ക്രെംലിനില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കുമുന്നിലാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിന്‍ നാല് പ്രവശ്യകളെ രാജ്യത്തോട് ചേര്‍ത്തതായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ലുഹാന്‍സ്ക്, ഡോണറ്റ്സ്ക്, ഹേഴ്സണ്‍, സപോര്‍ഷ്യ എന്നിവിടങ്ങളിലെജനങ്ങള്‍ അവരുടെ ഭാവി തീരുമാനിച്ചുവെന്നും ഇനിമുതല്‍ ഈ പ്രദേശങ്ങള്‍ റഷ്യയുടേതായിരിക്കുമെന്നും പുടിന്‍ പറഞ്ഞു. ഇവിടങ്ങളില്‍ റഷ്യന്‍ ഭരണകൂടത്തേയും നിയമിച്ചു. തുടര്‍ന്ന് ഇതുസംബന്ധിച്ച ഉത്തരവില്‍ ഒപ്പുവച്ചു. നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് പ്രഖ്യാപനത്തെ വരവേറ്റത്.
പുതിയതായി കൂട്ടിച്ചേര്‍ത്ത മേഖലഖളിലെ ജനങ്ങളുടെ പൂര്‍ണ സുരക്ഷ ഉറപ്പുനല്‍കും. യുദ്ധത്തില്‍ തകര്‍ന്ന പ്രദേശങ്ങളില്‍ പുനര്‍നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും പുട്ടിന്‍ പറഞ്ഞു. യു.എസും യൂറോപ്പും അടക്കം പടിഞ്ഞാറന്‍ ശക്തികളെ അതിരൂക്ഷമായ ഭാഷയില്‍ പുട്ടിന്‍ വിമര്‍ശിച്ചു. റഷ്യയെ തകര്‍ക്കാനും കോളനിയാക്കാനുമാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ശ്രമിക്കുന്നത്. അതിനായി റഷ്യയുടെ മേല്‍ കുറ്റങ്ങള്‍ ആരോപിക്കുകയാണ് എന്നും പുട്ടിന്‍ പറഞ്ഞു. അതേസമയം റഷ്യന്‍ നീക്കത്തോടെ രൂക്ഷമായ ഭാഷയിലാണ് യുക്രെയ്ന്‍ പ്രതികരിച്ചത്. വ്ലാഡിമര്‍ പുട്ടിനുമായി ഇനിയൊരു ചര്‍ച്ചയില്ലെന്ന് അടിയന്തര സുരക്ഷ കൗണ്‍സില്‍ യോഗത്തിനുശേഷം പ്രസിഡന്റ് വലോദിമര്‍ സെലന്‍സ്കി പറഞ്ഞു. അതിവേഗ അംഗത്വം നല്‍കണമെന്ന് നാറ്റോയോട് സെലന്‍സ്കി അഭ്യര്‍ഥിച്ചു. പുട്ടിന്റെ പ്രഖ്യാപനം രാജ്യാന്തര നിയമങ്ങളുടെയും യു.എന്‍. ചട്ടങ്ങളുടെയും ലംഘനമാണെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. റഷ്യക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ബ്രിട്ടനും റഷ്യന്‍ നിലപാട് തള്ളിക്കളയുന്നതായി യൂറോപ്യന്‍ കൗണ്‍സിലും വ്യക്തമാക്കി,