റഷ്യന്‍ എണ്ണയ്ക്കുമേല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ വില നിയന്ത്രണം ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഇറക്കുമതി ചെയ്യുന്ന എണ്ണയ്ക്ക് ബാരലിന് പരമാവധി 60 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്ന് റഷ്യ വ്യക്തമാക്കി. അതേസമയം ഇന്ത്യയിലേക്കുള്ള ഇറക്കുമതിയെ വില നിയന്ത്രണം ബാധിക്കില്ല.

 

യൂറോപ്യന്‍ യൂണിയനും യു.എസും യു.കെയും ഉള്‍പ്പെടുന്ന ജി 7 രാജ്യങ്ങളും ഓസ്ട്രേലിയയുമാണ് റഷ്യന്‍ എണ്ണയക്ക് വില നിയന്ത്രണം പ്രഖ്യാപിച്ചത്. ഇറക്കുമതി ചെയ്യുന്ന എണ്ണയ്ക്ക് ബാരലിന് പരമാവധി 60 ഡോളറാണ് നിശ്ചയിച്ചിരിക്കുന്ന പരിധി. യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ഉപരോധങ്ങളുടെ തുടര്‍ച്ചയാണ് ഈ നീക്കവും.

 

ഇതുവഴി ക്രൂഡ് ഓയില്‍ കയറ്റുമതിയിലൂടെ റഷ്യ നേടുന്ന വരുമാനത്തില്‍ കാര്യമായ കുറവുവരുത്താമെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ കണക്കുകൂട്ടല്‍. അതേസമയം തീരുമാനം അംഗീകരിക്കില്ലെന്നും വിലനിയന്ത്രണം പ്രഖ്യാപിച്ച രാജ്യങ്ങള്‍ക്ക് എണ്ണ നല്‍കില്ലെന്നും ക്രെംലിന്‍ വക്താവ് വ്യക്തമാക്കി. ബാരലിന് 60 ഡോളര്‍ എന്ന പരിധി റഷ്യയെ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍ .ഇപ്പോള്‍ തന്നെ വിപണി വിലയേക്കാള്‍ കുറച്ചാണ് റഷ്യ ക്രൂഡ് ഓയില്‍ വില്‍ക്കുന്നത്.

 

വെള്ളിയാഴ്ച രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് 85 ഡോളറായിരിക്കെ അറുപത് ഡോളറിനാണ് റഷ്യ എണ്ണ വിറ്റിരുന്നത്. മാത്രമല്ല, റഷ്യയില്‍ നിന്ന് കൂടുതലായി എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും വിലനിയന്ത്രണ കരാറില്‍ ഒപ്പുവച്ചിട്ടുമില്ല.