ചാള്‍സ് മൂന്നാമന്‍റെ കിരീടധാരണത്തിനായി ബ്രിട്ടനില്‍ അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 70വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന കിരീടധാരണ ചടങ്ങിനായി പരമ്പരാഗത വസ്ത്രങ്ങളും രാജകീയആഭരണങ്ങളും വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ എത്തിച്ചുതുടങ്ങി. മേയ് ആറിനാണ് കിരീടധാരണ ചടങ്ങ്.

 

1953 ല്‍ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന് ശേഷം നടന്ന് 70വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു കിരീടധാരണത്തിന് ബ്രിട്ടന്‍ സാക്ഷിയാകുന്നത്. പാരമ്പര്യങ്ങളുടെ ചേരുവകള്‍ക്കൊപ്പം പുതുമകൂടി ചേര്‍ത്തായിരിക്കും ചടങ്ങുകള്‍. കിരീടധാരണത്തോടെ ചാള്‍സ് രാജാവ് ഔദ്യോഗിക ചുമതലയേറ്റെടുക്കുകയും രാജകുടുംബത്തിന്‍റെ സ്വത്തുവകകളുടെ അധികാരിയായി മാറുകയും ചെയ്യും. രാജപത്നി പദവിയില്‍ നിന്നും കാമില, രാജ്്ഞി പദവിയിലേക്ക് മാറും. 1661ല്‍ നിര്‍മിച്ച സെന്‍റ് എഡ്വേര്‍ഡ് കിരീടം, 2868 വജ്രങ്ങള്‍ നിറഞ്ഞ ഇംപീരിയല്‍ സ്റ്റേറ്റ് ക്രൗണ്‍, കുരിശോടുകൂടിയ ചെങ്കോല്‍, തൈലാഭിഷേകത്തിനുപയോഗിക്കുന്ന പന്ത്രണ്ടാം നൂറ്റാണ്ടിലെ സ്പൂണ്‍, 1831ല്‍ നിര്‍മിച്ച കിരീടധാരണ മോതിരം തുടങ്ങിയവ ചടങ്ങുനടക്കുന്ന വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ ഒരുക്കിക്കഴിഞ്ഞു. കാന്‍റര്‍ബെറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബിയുടെ മുഖ്യകാര്‍മികത്വത്തിലായിരിക്കും ചടങ്ങുകള്‍. ചരിത്രത്തിലാദ്യമായി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ വനിതാ ബിഷപ് സഹകാര്‍മികയാകും. യു.കെ. പ്രധാനമന്ത്രി ഋഷി സുനക് ബൈബിള്‍ വായിക്കും. സേവനത്തിനുള്ള വിളി എന്ന പ്രമേയത്തിലാണ് മതചടങ്ങുകള്‍. പതിവില്‍ നിന്ന് വ്യത്യസ്തമായി മറ്റുമതാധ്യക്ഷന്‍മാര്‍ക്കും ആശംസയറിയിക്കുന്നതിന് അവസരമുണ്ടാകും. മേയ് ആറിന് നടക്കുന്ന ചടങ്ങുകളുടെ റിഹേഴ്സലുകള്‍ ആബിയില്‍ പുരോഗമിക്കുകയാണ്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള കരനാവികവ്യോമ സേനകളുടെ പരിശീലനചടങ്ങ് നടന്നു.

 

കിരീടധാരണ ചടങ്ങുകളില്‍ 2000 അതിഥികള്‍ക്ക് ബക്കിങ്ഹാം കൊട്ടാരം ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ,സാംസ്കാരിക,കായിക,വിനോദരംഗങ്ങളിലെ പ്രമുഖര്‍ കിരീടധാരണമടക്കം ചടങ്ങുകളുടെ ഭാഗമാകും. 

 

Final preparations are underway in Britain for the coronation of Charles III