ബ്രിട്ടനില്‍ മരം ദേഹത്തുവീണ് വിദ്യാര്‍ഥിനി മരിച്ചു. ബ്രിട്ടീഷ് കൊളംബിയയിൽ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്‍റ് കോഴ്സിന് പഠിക്കുകയായിരുന്ന പഞ്ചാബില്‍ നിന്നുള്ള റിതിക രാജ്പുത് ആണ് മരിച്ചത്. ഡിസംബര്‍ ഏഴിന് ജെയിംസ് തടാകത്തിനടുത്ത് സുഹൃത്തുക്കളോടൊപ്പം തീ കായുന്നതിനിടെയാണ് അപകടം.
ബ്രിട്ടീഷ് കൊളംബിയയിലെ കെലോനയിലാണ് റിതിക താമസിച്ചിരുന്നത്. മരണത്തില്‍ ദുരൂഹതയില്ലെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് അറിയിച്ചതായി കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് െചയ്യുന്നു. അതേസമയം റിതികയുടെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കാനുള്ള ഫണ്ട് സ്വരൂപിക്കാൻ സുഹൃത്ത് അമർജിത് ലാലി ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിനായി ഗോ ഫണ്ട് മീയിൽ ധനസമാഹരണ ക്യാംപെയ്നും ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള പാവപ്പെട്ട കുടുംബത്തില്‍ നിന്നാണ് റിതിക വരുന്നതെന്ന് പ്രദേശവാസിയായ ജസ്പാല്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ് റിതികയുടെ കുടുംബം. മകളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സാമ്പത്തിക ശേഷി അവര്‍ക്കില്ല. കടം വാങ്ങിയാണ് റിതികയെ പഠനത്തിനായി കാനഡയിലേക്ക് അയച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ധനസമാഹരണം റിതികയുടെ മൃതദേഹം നാട്ടിലെത്തിക്കാനും വിദ്യാഭ്യാസത്തിനെടുത്ത കടം വീട്ടാനും കുടുംബത്തെ പിന്തുണയ്ക്കാനും സഹായിക്കുമെന്ന് ധനസമാഹരണത്തിന് നേതൃത്വം നല്‍കുന്ന റിതികയുടെ സുഹൃത്തുക്കളിലൊരാളായ ബല്‍വീന്ദര്‍ പറയുന്നു.