സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്ക് കുപ്രസിദ്ധമായ ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ വീണ്ടും വനിതാ എംപിയുടെ കണ്ണീര് വീണു. മുഖ്യപ്രതിപക്ഷമായ ലിബറല്‍ പാര്‍ട്ടി അംഗം ഡേവിഡ് വാനെതിരെ സ്വതന്ത്ര സെനറ്റര്‍ ലിഡിയ തോര്‍പ് ആണ് ലൈംഗികാരോപണം ഉന്നയിച്ചത്. വാന്‍ പലവട്ടം ലൈംഗികച്ചുവയോടെ സംസാരിക്കുകയും ദേഹത്ത് സ്പര്‍ശിക്കുകയും തുടര്‍ച്ചയായി പിന്തുടരുകയും ചെയ്തുവെന്ന് ലിഡിയ വെളിപ്പെടുത്തി. സുരക്ഷാക്യാമറകളോ മറ്റാളുകളോ ഇല്ലാത്ത സ്റ്റെയര്‍വെലിനടുത്തുവച്ച് വാന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും തോര്‍പ് സെനറ്റില്‍ പറഞ്ഞു. വിങ്ങിക്കരഞ്ഞായിരുന്നു അവരുടെ വെളിപ്പെടുത്തല്‍. ‘‘ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് മന്ദിരം സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല. സെനറ്റ് അംഗങ്ങളെന്നോ ഉദ്യോഗസ്ഥരെന്നോ വ്യത്യാസമില്ലാതെ സ്ത്രീകള്‍ക്ക് പല തരത്തിലുള്ള മോശം പെരുമാറ്റം നേരിടേണ്ടിവരുന്നു.’’
ലിഡിയയുടെ വെളിപ്പെടുത്തലിന് പിന്നാലെ സെനറ്റര്‍ ഡേവിഡ് വാനിനെ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. വാന്‍ പാര്‍ലമെന്റംഗത്വം രാജിവയ്ക്കണമെന്ന് ലിബറല്‍ പാര്‍ട്ടി നേതാവ് പീറ്റര്‍ ഡട്ടണ്‍ ആവശ്യപ്പെട്ടു. ലിഡിയയുടെ ആരോപണം തള്ളിയ ഡേവിഡ് വാന്‍ രാജി ആവശ്യത്തോട് പ്രതികരിച്ചില്ല. തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അന്വേഷണത്തോടെ പൂര്‍ണമായി സഹകരിക്കുമെന്നും വാന്‍ പറഞ്ഞു.
ലിഡിയ തോര്‍പ്പിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുന്‍പ് ഡേവിഡ് വാനില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ട മുന്‍ ലിബറല്‍ സെനറ്റര്‍ അമാന്‍ഡ സ്റ്റോക്കര്‍ 2020ല്‍ നേരിട്ട അനുഭവം പരസ്യപ്പെടുത്തി രംഗത്തുവന്നു. പാര്‍ട്ടിക്കിടയില്‍ വച്ച് ഡേവിഡ് വാന്‍ രണ്ടുതവണ ദുരുദ്ദേശ്യത്തോടെ ദേഹത്ത് പിടിച്ചമര്‍ത്തിയെന്നാണ് അമാന്‍ഡയുടെ വെളിപ്പെടുത്തല്‍. അന്ന് സ്വകാര്യമായി പ്രശ്നം പരിഹരിച്ചെങ്കിലും ലിഡിയ തോര്‍പ്പിന്റെ അനുഭവം കേട്ടപ്പോള്‍ തുറന്നുപറയാതിരിക്കാന്‍ കഴിഞ്ഞില്ലെന്ന് അമാന്‍ഡ പറഞ്ഞു. ലിഡിയയെയും അമാന്‍ഡെയെയും കൂടാതെ പേരുവെളിപ്പെടുത്താത്ത മറ്റൊരു യുവതി കൂടി ഡേവിഡ് വാനിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിട്ടുണ്ട്.
ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ നിരന്തരം ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ 2021ല്‍ പ്രത്യേക അന്വേഷണം നടത്തിയിരുന്നു. മൂന്ന് സ്ത്രീകള്‍ ലൈംഗികാതിക്രമം നേരിട്ടതായി മൊഴി നല്‍കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മേയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ അന്നത്തെ പ്രധാനമന്ത്രി സ്കോട്ട് മോറിസണിന്റെ തോല്‍വിക്ക് ഇടയാക്കിയതും ഈ ആരോപണങ്ങളായിരുന്നു. ഇത്രയേറെ പ്രതിഷേധമുയര്‍ന്നിട്ടും പാര്‍ലമെന്റിലെ സാഹചര്യങ്ങളില്‍ മാറ്റമുണ്ടായിട്ടില്ല എന്നതിന് തെളിവായി ലിഡിയ തോര്‍പിന്റെ അനുഭവം.
Australian senator asked to resign after allegations of misconduct