titan1

ലോകത്തെയാകെ ഞെട്ടിച്ചായിരുന്നു അറ്റ്ലാന്റിക് സമുദ്രത്തിലെ ടൈറ്റന്‍ ദുരന്തം. തിരച്ചിലില്‍ അന്തര്‍വാഹിനി കണ്ടെത്താനാവുമെന്ന പ്രതീക്ഷയില്‍ ലോകം നില്‍ക്കെയാണ് ടൈറ്റന്‍ പൊട്ടിത്തെറിച്ചതായും അഞ്ച് പേരും മരിച്ചതായും യുഎസ് നേവി സ്ഥിരീകരിച്ചത്. ഇതിനിടെ ടൈറ്റന്‍ ദുരന്തത്തില്‍ മരിച്ച അഞ്ചുപേരില്‍ ഒരാളായ സുലൈമാന്‍ ദാവുദിന്റെ അമ്മയുടെ പ്രതികരണമാണ് എത്തുന്നത്.

അന്തര്‍വാഹിനിയിലെ യാത്രയ്ക്കായി തന്റെ റൂബിക്സ് ക്യൂബും സുലൈമാന്‍ ഒപ്പം കൊണ്ടുപോയിരുന്നതായാണ് അമ്മ പറയുന്നത്. പാകിസ്ഥാന്‍ വ്യവസായിയായ പിതാവിനൊപ്പമാണ് സുലൈമാന്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള അന്തര്‍വാഹിനി യാത്രയ്ക്കായി പോയത്. സമുദ്രത്തിന് അടിയില്‍ നിന്ന് റൂബിക്സ് ക്യൂബ് സോള്‍വ് ചെയ്ത് ഗിന്നസ് റെക്കോര്‍ഡ് തന്റെ പേരിലാക്കുകയാണ് സുലൈമാന്‍ ലക്ഷ്യമിട്ടിരുന്നത്. ഇതിനായി ഗിന്നസ് റെക്കോര്‍ഡ് അധികൃതരേയും ബന്ധപ്പെട്ടിരുന്നതായാണ് അമ്മയുടെ വെളിപ്പെടുത്തല്‍. 

3.7000 മീറ്റര്‍ താഴ്ചയില്‍ നിന്ന് താന്‍ റൂബിക്സ് ക്യൂബ് സോള്‍വ് ചെയ്യും എന്ന് സുലൈമാന്‍ പറഞ്ഞതായി ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ അമ്മ പറയുന്നു. സുലേമാന്‍ അന്തര്‍വാഹിനിയിലെ യാത്രയ്ക്ക് പിതാവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് പോയതെന്ന റിപ്പോര്‍ട്ടുകളും അമ്മ തള്ളുന്നു. സുലേമാന്‍ ഈ യാത്രക്കായി ഏറെ ആഗ്രഹിച്ചിരുന്നു എന്നാണ് അമ്മയുടെ വാക്കുകള്‍.റൂബിക്സ് ക്യൂബ് സോള്‍വ് ചെയ്യുന്ന ദൃശ്യം പകര്‍ത്താന്‍ പിതാവ് ഷഹ്സാദ ക്യാമറയും യാത്രയില്‍ കയ്യില്‍ കരുതിയിരുന്നു.