ins-brahmaputra

TOPICS COVERED

രാജ്യത്തിന് വേണ്ടി ഒട്ടേറെ രക്ഷാദൗത്യങ്ങളില്‍ പങ്കാളിയായ നാവികസേനയുടെ യുദ്ധക്കപ്പലാണ് ഐ.എന്‍.എസ് ബ്രഹ്മപുത്ര. മുബൈ ഡോക്‌യാഡിലെ തീപിടിത്തത്തില്‍ ഒരു വശം മുങ്ങിപ്പോയ ഈ പടക്കപ്പലിന്‍റെ അതിജീവനം ഇനി സാധ്യമാകുമോ എന്ന വലിയ ചോദ്യമുണ്ട്. എന്നാല്‍ ഇങ്ങനെ ഒരിക്കല്‍ മുങ്ങിയപ്പോയ ഐ.എന്‍.എസ് ബേത്‍വ എന്ന യുദ്ധക്കപ്പല്‍ തിരിച്ചുവന്നതും ചരിത്രമാണ്. 

കടലിലെ കരുത്തിന്‍റെ പ്രതീകമായിരുന്നു ഐഎന്‍എസ് ബ്രഹ്മപുത്ര. മിസൈല്‍വേധ യുദ്ധക്കപ്പല്‍. ചേതക് പോലുള്ള ഹെലികോപ്ടറുകളെ വഹിക്കാനുള്ള ശേഷി. മീഡിയം റേഞ്ചിലും ക്ളോസ് റേഞ്ചിലും പ്രയോഗിക്കാന്‍ കഴിയുന്ന ആയുധശേഖരം. അടിമുടി ഇന്ത്യന്‍ പതിപ്പ്. തദ്ദേശിയമായി നിര്‍മിച്ച ബ്രഹ്മപുത്ര ക്ലാസില്‍ ഉള്‍പ്പെടുന്ന ഈ ആദ്യ പടക്കപ്പലിന്‍റെ കമ്മിഷന്‍ 2000 ഏപ്രില്‍ മാസത്തിലായിരുന്നു. 

126.4 മീറ്റര്‍ നീളം. 5,300 ടണ്‍ ഭാരം. 330 നാവികരും 40 ഓഫിസര്‍മാരുമുള്ള വലിയ ക്രൂ. ഇവിടെ രാജ്യം ആദ്യം ഓര്‍ക്കുക 2006ലെ ലെബനന്‍ യുദ്ധകാലമാകും. അവിടെ നിന്ന് ഓപ്പറേഷന്‍ സുകൂണിന്‍റെ ഭാഗമായി ഇന്ത്യക്കാരെ ഉള്‍പ്പടെ സുരക്ഷിതരായി തിരിച്ചെത്തിച്ച് രാജ്യത്തിന്‍റെ അഭിമാനമായി ഈ യുദ്ധക്കപ്പല്‍. 2009ല്‍ യൂറോപ്യന്‍ നാവിക അഭ്യാസ പ്രകടനങ്ങളുടെ ഭാഗം. അങ്ങനെ നിരവധി ദൗത്യങ്ങള്‍. 

 

ദൗര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ പാതി മുങ്ങിയ കപ്പലിന്‍റെ ദൃശ്യമാണ് നമുക്ക് മുന്നിലുള്ളത്. നാവികസേനയുടെ മുംബൈ ഡോക്‌യാഡില്‍വച്ച് അറ്റകുറ്റപ്പണിക്കിടെ എങ്ങനെ തീപിടിച്ചു എന്ന് വ്യക്തമല്ല. ഇതിന് പിന്നാലെ കപ്പല്‍ ഒരുവശത്തേക്ക് പാതി ചെരിഞ്ഞു. അപകടത്തില്‍ ഒരു നാവികനെയും കാണാതായി. കപ്പല്‍ പൂര്‍വസ്ഥിതിയിലാക്കുന്നത് സങ്കീര്‍ണവും ഏറെ ചെലവുവരുന്നതുമായ പ്രവൃത്തിയാണ്. എങ്കിലും പ്രതീക്ഷയുണ്ട്. 

2016ല്‍ ഇതേ ഡോക്‌യാഡില്‍വച്ച് മുങ്ങിയ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് ബേത്‌വയെ അറ്റകുറ്റപ്പണിക്ക് ശേഷം 2020ല്‍ വീണ്ടും തിരിച്ചെത്തിച്ചിരുന്നു. റഷ്യന്‍ നിര്‍മിത അന്തര്‍വാഹിനിക്കപ്പലായ ഐ.എന്‍എസ് സിന്ധുരക്ഷകിന് തീപിടിച്ച് 2013ല്‍ ഇവിടെ 18 നാവികരാണ് മരിച്ചത്. ഡോക്‌യാഡില്‍ മൂന്നാമതൊരു അപകടം കൂടി ആവര്‍ത്തിക്കുമ്പോള്‍ അതില്‍ വിശദമായ പഠനത്തിനും അന്വേഷണത്തിനും ഒരുങ്ങുകയാണ് നാവികസേന.

ENGLISH SUMMARY:

INS Brahmaputra damaged as fire breaks out aboard ship, junior sailor missing.