കോവിഡിനെക്കാൾ മാരകമായ മഹാമാരിയെ നേരിടാന്‍ എല്ലാവരും തയാറായിരിക്കണമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഡാനത്തിന്റെ മുന്നറിയിപ്പ് വന്നിട്ട് അധികമായില്ല; ഇപ്പോഴിതാ സമാനമായ മറ്റൊരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പ്രശസ്ത ആരോഗ്യ വിദഗ്ധയും യു.കെയിലെ വാക്സീൻ ടാസ്ക്ഫോഴ്സിന്റെ അധ്യക്ഷയുമായിരുന്ന കേറ്റ് ബിങ്ങാം. ഡിസീസ് എക്സ് എന്നു പേരിട്ടു വിളിക്കുന്ന ഈ അജ്ഞാതരോഗത്തിന് കോവിഡിനെക്കാള്‍ പ്രഹരശേഷിയുണ്ടെന്നാണ് പറയപ്പെടുന്നത്. ഡെയ്‌ലി മെയിലിന് നൽകിയ അഭിമുഖത്തിലാണ് ഈ അജ്ഞാത രോഗത്തെ കരുതിയിരിക്കണമെന്ന് കേറ്റ് മുന്നറിയിപ്പ് നല്‍കുന്നത്.
1918-1920കളിലുണ്ടായ സ്പാനിഷ് ഫ്ലൂവിന് സമാനമായിരിക്കും ഡിസീസ് എക്സ് എന്നാണ് കേറ്റ് പറയുന്നത്. അഞ്ച് കോടിയോളം പേര്‍ സ്പാനിഷ് ഫ്ലു പിടിപെട്ട് മരണമടഞ്ഞിട്ടുണ്ടെന്നാണ് കണക്ക്. എക്സ് രോഗം ബാധിച്ചാല്‍ ഇതേ മരണസംഖ്യ ഇത്രത്തോളം തന്നെ ഉണ്ടായേക്കാമെന്ന സാധ്യതയും കേറ്റ് പങ്കുവയ്ക്കുന്നു. ആളെക്കൊല്ലിയായ എക്സിന് പുറമെ എബോള, സാര്‍സ്, സിക തുടങ്ങിയ രോഗങ്ങളും വീണ്ടും പിടിമുറുക്കിയേക്കാമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. വരാനിരിക്കുന്ന എക്സ് രോഗം അഞ്ചാംപനി പോലുള്ള ഒരു പകർച്ചവ്യാധിയും എബോളക്ക് സമാനമായ മരണനിരക്കും ഉള്ളതാണെങ്കിൽ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നാണ് കേറ്റിന്‍റെ അഭിപ്രായം.
എന്താണ് ഡിസീസ് എക്സ്?
ഡിസീസ് എക്സ് എന്ന പേര് വന്നത് തന്നെ, എന്തുകൊണ്ടാണ് ഈ അസുഖം ഉണ്ടാകുന്നതെന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനെ തുടര്‍ന്നാണെന്ന് ശാസ്ത്രലോകം പറയുന്നു. അതായത് നമുക്ക് അറിയാത്തത് എന്തോ അതെല്ലാം എന്നൊരര്‍ഥമാണ് എക്സിലൂടെ ഉദ്ദേശിക്കുന്നത്. 2018 ലാണ് ലോകാരോഗ്യ സംഘടന ഡിസീസ് എക്സ് എന്ന പദം ഉപയോഗിക്കാൻ തുടങ്ങിയത്. ഇത് പുതിയ ഒരു രോഗമായിരിക്കും. അതുകൊണ്ടു തന്നെ ഇത് ഏതു രീതിയില്‍ രൂപപ്പെടുമെന്നോ, എപ്പോഴാണ് വ്യാപിക്കുകയെന്നോ വ്യകതമല്ല. രോഗത്തെ കുറിച്ചുളള അറിവുകള്‍ പരിമിതമായതുകൊണ്ടു തന്നെ ഡിസീസ് എക്സ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
അധികം വൈകാതെ ഇതൊരു മഹാമാരിയായി മാറാനുളള സാധ്യതയാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നത്. ഈ രോഗം ബാക്ടീരിയയോ വൈറസോ ഫംഗസോ വഴി പടരുന്നതാകാമെന്നും പറയപ്പെടുന്നു. ഡിസീസ് എക്സിനെ പ്രതിരോധിക്കാനുളള വാക്സീൻ കണ്ടെത്താനുള്ള പഠനങ്ങള്‍ക്ക് യു.കെയിലെ ഗവേഷകർ ഇതിനകം തുടക്കം കുറിച്ചുകഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Disease X deadlier than covid; says WHO
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.