ആര്‍ത്തവ വേദന ഒഴിവാക്കുന്നതിനായി  കൂട്ടുകാരുടെ നിര്‍ദേശപ്രകാരം ഗര്‍ഭനിരോധന ഗുളിക കഴിച്ച പതിനാറുകാരിക്ക് ദാരുണാന്ത്യം. യു.കെയിലെ കോളജ് വിദ്യാര്‍ഥിനിയായ ലൈല ഖാനാണ് മരിച്ചത്.  നവംബര്‍ 25നാണ് ലൈല ഗുളിക കഴിച്ചത്. ഡിസംബര്‍ അഞ്ചായതോടെ ലൈലയ്ക്ക് കടുത്ത തലവേദനയെടുക്കാന്‍ തുടങ്ങിയെന്നും പിന്നാലെ ഛര്‍ദിച്ചുവെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. 

 

ഓരോ അരമണിക്കൂറിലും ഛര്‍ദിക്കാന്‍ തുടങ്ങിയോടെ ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും കണ്ടെത്താതിരുന്നതിനെ തുടര്‍ന്ന് വയറിലെ അസ്വസ്ഥതകള്‍ക്കും ക്ഷീണം മാറുന്നതിനുമുള്ള മരുന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയത്.  ആശുപത്രിയില്‍ പോയി വന്ന് കഴിഞ്ഞും പെണ്‍കുട്ടിയുടെ നില വഷളാവുകയും വേദന അസഹ്യമാവുകയുമായിരുന്നു. പിന്നാലെ പെണ്‍കുട്ടി ബാത്ത്റൂമില്‍ കുഴഞ്ഞുവീണു. തിങ്കളാഴ്ചയോടെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

 

ലൈലയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ച നിലയിലായിരുന്നുവെന്ന് സിടി സ്കാനില്‍ കണ്ടെത്തി.ഇതോടെ ഡിസംബര്‍ 13ന് ലൈലയെ അടിയന്തര സര്‍ജറിക്ക് വിധേയയാക്കിയെങ്കിലും മസ്തിഷ്കാഘാതം സംഭവിക്കുകയായിരുന്നു.  മരണം ഉറപ്പായതിന് പിന്നാലെ ലൈലയുടെ അവയവങ്ങള്‍ കുടുംബം അഞ്ച് പേര്‍ക്കായി ദാനം ചെയ്തു. 

 

UK girl takes contraceptive pills for period pain, dies of blood clot